കേരളം

kerala

ETV Bharat / state

ബ്രഹ്മപുരം പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു; നേവിയുടെ സഹായം തേടി കോര്‍പറേഷന്‍ - latest news in kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു. കാറ്റിന്‍റെ ദിശമാറിയതാണ് തീപിടിത്തത്തിന് കാരണമെന്ന് വിലയിരുത്തല്‍. തീ അണയ്‌ക്കാന്‍ നേവിയുടെ സഹായം തേടി കോര്‍പറേഷന്‍. ബ്രഹ്മപുരത്ത് ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി ഇന്ത്യന്‍ നേവി. നഗരത്തിൽ പുക പടരുമോയെന്ന ആശങ്കയില്‍ ഭരണകൂടവും ജനങ്ങളും.

Fire caught again in Brhammapuram in Ernakulam  അണയാതെ തീ  ബ്രഹ്മപുരം പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു  നേവിയുടെ സഹായം തേടി കോര്‍പറേഷന്‍  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീ  Brhammapuram in Ernakulam  തീപിടിത്തം  മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം  kerala news updates  latest news in kerala
ബ്രഹ്മപുരം പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു

By

Published : Mar 3, 2023, 10:49 PM IST

എറണാകുളം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ആശങ്കയായി വീണ്ടും തീ പടർന്നു. പത്തോളം അഗ്നിശമന സേന യൂണിറ്റുകൾ 12 മണിക്കൂർ നേരം വെള്ളം ചീറ്റി നിയന്ത്രണ വിധേയമാക്കിയ തീയാണ് വീണ്ടും പടര്‍ന്നത്. ഇന്ന് വൈകുന്നേരത്തോടെ തീ നിയന്ത്രണമാക്കി മടങ്ങിയ അഗ്നിശമന സേന യൂണിറ്റുകളെ വീണ്ടും തിരിച്ച് വിളിച്ചു. തീ പൂർണമായും അണയ്ക്കാനുള്ള പ്രവർത്തനം തുടരുകയാണ്.

കാറ്റിന്‍റെ ദിശമാറിയതാണ് വീണ്ടും തീ പടരാന്‍ കാരണമായത്. ശനിയാഴ്‌ച ഉച്ചയോടെ മാത്രമേ തീയണക്കാൻ കഴിയുകയുള്ളൂവെന്നാണ് ഫയർഫോഴ്‌സും ജില്ല ഭരണകൂടവും പറയുന്നത്. തീ പടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലത്തേതിന് സമാനമായി കൊച്ചി നഗരത്തിൽ പുക പടരുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം തീയണക്കാൻ കൊച്ചി കോർപറേഷൻ നേവിയുടെ സഹായം തേടി. മേയറുടെ അഭ്യര്‍ഥന പ്രകാരം ബ്രഹ്മപുരത്ത് ഇന്ത്യന്‍ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ല കലക്‌ടറും മേയറും തമ്മില്‍ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മേയര്‍ ഇന്ത്യന്‍ നേവിയുടെ സതേണ്‍ നേവല്‍ കമാന്‍റ് ഫ്ളാഗ് ഓഫിസര്‍ കമാന്‍റിങ് ഇന്‍ ചീഫ് വൈസ് അഡ്‌മിറല്‍ ഹംപിഹോളിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അടിയന്തരമായി തന്നെ അദ്ദേഹം വിഷയത്തില്‍ ഇടപെടുകയായിരുന്നു. സതേണ്‍ നേവല്‍ കമാന്‍റില്‍ നിന്നുളള ഹെലികോപ്റ്റര്‍ ബ്രഹ്മപുരത്ത് നിരീക്ഷണം നടത്തി ആവശ്യമായ ഫോട്ടോഗ്രാഫുകളും സ്ഥിതി വിവരവും ശേഖരിച്ച് നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിച്ചു. നേവിയുടെ റോഡ് മാര്‍ഗമുളള ഒരു സ്ക്വാഡും ബ്രഹ്മപുരത്ത് എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചയോടെ മാത്രമെ തീ അണയ്ക്കുവാനാകൂ എന്നാണ് ഫയല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ആവശ്യമെങ്കില്‍ സഹായം ലഭ്യമാക്കുമെന്ന് നേവിയും അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറോടും മേയര്‍ ചര്‍ച്ച നടത്തി. അതേസമയം തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണം മേയർ നിഷേധിച്ചു. കഴിഞ്ഞ 10 വര്‍ഷമായി വേനല്‍ കാലത്ത് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

2010-15 കാലയളവില്‍ ബ്രഹ്മപുരത്തുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് തീയണയ്ക്കാന്‍ മണ്ണ് നിക്ഷേപിക്കുന്നതിനുള്‍പ്പെടെ കോടികളാണ് അന്നത്തെ കൗണ്‍സില്‍ ചെലവഴിച്ചതെന്നും മേയര്‍ പറഞ്ഞു. കഴിഞ്ഞ കൗണ്‍സിലിന്‍റെ കാലഘട്ടത്തിലും വേനല്‍കാലത്ത് നാല് ദിവസത്തോളം നീണ്ടു നിന്ന തീപിടിത്തമുണ്ടായി. ഈ കൗണ്‍സിലിന്‍റെ കാലത്ത് പ്ലാന്‍റില്‍ ഫയര്‍ ഹൈഡ്രന്‍റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കടുത്ത വേനലില്‍ കടമ്പ്രയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും പുഴയില്‍ ചെളി നിറഞ്ഞതും നിമിത്തം ഹ്രൈഡ്രന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കാതെ വന്നു.

പ്ലാന്‍റിന്‍റെ ചുറ്റുമതില്‍ പൊളിച്ച് കടമ്പ്രയാറിലെ ചെളിയില്ലാത്ത ഭാഗത്ത് നിന്നും ഹൈഡ്രന്‍റുകള്‍ വഴി ജലം പമ്പ് ചെയ്യുന്നതിന് നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്ലാന്‍റ് നടത്തിപ്പും തീപിടിത്തവുമായി യാതൊരു ബന്ധവുമില്ല. പ്ലാന്‍റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൗണ്‍സില്‍ സുതാര്യമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.

ഈ അവസരം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും കക്ഷി നേതാക്കള്‍ തമ്മിലുമുളള അഭിപ്രായ വ്യത്യാസങ്ങള്‍ക്കുളള സമയമല്ല. ജനങ്ങള്‍ക്കുണ്ടായിട്ടുളള പ്രയാസം കണക്കിലെടുത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സുതാര്യമല്ലാത്ത യാതൊരു വിധ നടപടിക്കും നഗരസഭ തയ്യാറാവില്ലെന്നും മേയര്‍ അറിയിച്ചു. ബ്രഹ്മപുരം പ്ലാന്‍റിലെ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തന്നെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും മേയർ എം.അനിൽകുമാർ പറഞ്ഞു.

തീപിടിത്തത്തെ കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്‍റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ല കലക്‌ടര്‍ രേണു രാജ് നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. കുറച്ച് ദിവസം തീ പുകഞ്ഞ് കൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ഇന്ന് രാവിലെ കൊച്ചി നഗര പ്രദേശങ്ങളിലേക്ക് കൂടി മാലിന്യ പ്ലാന്‍റിൽ നിന്നുള്ള പുകയെത്തിയിരുന്നു. കൂടുതൽ ജനവാസ മേഖലകളിലേക്ക് പുക പടരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

തീപിടിത്തത്തിന്‍റെ തുടക്കം:കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വ്യാഴാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ആദ്യഘട്ടത്തിൽ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിച്ചാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തീ പൂർണമായും അണയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് കുടുതൽ അഗ്നിശമന സേന യൂണിറ്റുകൾ എത്തിക്കുകയായിരുന്നു.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും ബ്രഹ്മപുരത്ത് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തി അന്തരീക്ഷത്തിൽ പുക ഉയരുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. അതേസമയം മാലിന്യം കുമിഞ്ഞ് കൂടുമ്പോൾ മനപൂർവ്വം തീയിടുകയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.

എല്ലാ വർഷവും ബ്രഹ്മപുത്ത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ തീപിടിത്തമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത് തടയാനുള്ള മുൻകരുതൽ നടപടികളൊന്നും അധികൃതർ സ്വീകരിക്കാത്തതും തീപിടിത്തം ആവർത്തിക്കാൻ കാരണമാവുകയാണ്. വര്‍ഷം തോറുമുള്ള വൻ തീപിടിത്തം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് കാര്യമായി ചർച്ച ചെയ്യപ്പെടുകയോ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്‌തിട്ടില്ല.

കഴിഞ്ഞ ദിവസം മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടത്തിപ്പ് കരാർ അവസാനിച്ചതിന്‍റെ പിറ്റേ ദിവസം തന്നെ തീപിടിത്തമുണ്ടായത് സംശയകരമാണെന്ന നിലപാടിലാണ് കൊച്ചി കോർപറേഷൻ ഭരിക്കുന്ന ഇടത് മുന്നണി. കരാർ പുതുക്കുന്നത് ഉൾപ്പടെയുളള വിഷയങ്ങളിൽ ഇടത് മുന്നണിയിൽ ആവശ്യമായ ചർച്ചകൾ നടക്കാറില്ലെന്ന വിമർശനവും സിപിഐ കൗൺസിലർ സി.എ സക്കീർ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ബ്രഹ്മപുരത്ത് എത്തിച്ചാണ് സംസ്‌കരിക്കുന്നത്.

എന്നാൽ ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ഇതിനായി നിരവധി പദ്ധതികൾ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ബ്രഹ്മപുരം മാലിന്യം തള്ളുന്ന ഡബിങ് യാർഡായി മാറിയെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി കോർപറേഷൻ ഭരണ മുന്നണിയിലും പുതിയ രാഷ്ട്രീയ വിവാദം പുകയുകയാണ്. സമീപ ദിവസങ്ങളിൽ കൊച്ചിയിലെ മാലിന്യ പ്രശ്‌നം വീണ്ടും സജീവമായ രാഷ്ട്രീയ ചർച്ച വിഷയമായി മാറുമെന്നതിൽ സംശയമില്ല.

ABOUT THE AUTHOR

...view details