എറണാകുളം: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ രണ്ടാം ദിവസവും എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിൻ്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെൻ്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധി ബാധകമാണ്.
ഹെലികോപ്‌ടറുകള്‍ നിന്ന് വെള്ളം സ്പ്രേചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ :ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീയണച്ചുവെങ്കിലും പുക പടരുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അവധി പ്രൈമറി ക്ലാസുകൾക്ക് മാത്രം നൽകിയതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു വരുന്നുണ്ട്. മാലിന്യ പ്ലാൻ്റിലെ പുക നിയന്ത്രിക്കാൻ വ്യോമസേനയുടെ ഹെലികോപ്‌ടറുകള്‍ നിന്ന് വെള്ളം സ്പ്രേചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്‌ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യത്തിൻ്റെ അടിയില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രണാതീതമായി പടരുന്നത് തുടരുകയാണ്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് നിലവില്‍ സേവനരംഗത്ത് പ്രവർത്തിക്കുന്നത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷന്‍ ചൊവ്വാഴ്‌ചയും തുടരും. കഴിഞ്ഞ അഞ്ചു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനേകം ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും നാളെ തുടങ്ങും. ഇതിനുനവേണ്ടി ചൊവ്വാഴ്‌ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാംപ് ചെയ്‌ത് ജീവനക്കാർക്ക് വൈദ്യപരിശോധന ഉറപ്പാക്കും.