എറണാകുളം:കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂർണമായും അണയ്ക്കാനായില്ല. നാലാം ദിവസവും വിഷപ്പുകയിൽ പൊറുതിമുട്ടുകയാണ് മെട്രോ നഗരം. തീ നിയന്ത്രണ വിധേയമാണെന്നും ഇന്ന് വൈകുന്നേരത്തോടെ പൂർണമായും തീയണയ്ക്കാൻ കഴിയുമെന്നും പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി രാജീവ് അറിയിച്ചു.
വലിയ മോട്ടോറുകൾ സ്ഥാപിച്ച് സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള കോഡിനേഷൻ കമ്മിറ്റി വേണമെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. കൂടാതെ ബ്രഹ്മപുരത്തേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കും.
നിലവിൽ മാലിന്യം ശേഖരിക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തും. ഇന്ന് തീയണച്ചാലും ഒരാഴ്‌ചയെങ്കിലും കഴിഞ്ഞ് മാത്രമേ ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനം സാധാരണ നിലയിലാവുകയുള്ളൂ. തീപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കോർപ്പറേഷൻ സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ പുക വ്യാപിച്ചതിനെ തുടർന്ന് പ്രത്യേകമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
മുൻകരുതൽ സ്വീകരിക്കണം: ആശങ്കപെടേണ്ട സാഹചര്യമില്ലങ്കിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ എൻ 95 മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ തുടങ്ങിയവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകൾ, തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ 20 കിടക്കകൾ, കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്.
പുതുതായി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പടെ നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക്8075774769, 0484-2360802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണന്നും ആരോഗ്യ മന്ത്രി അറിയിച്ചു.