എറണാകുളം:തൊണ്ടി മുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. മന്ത്രിയ്‌ക്ക് എതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. അതേസമയം കേസ് ഗൗരവതരമാണെന്നും സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടങ്ങുന്ന ബെഞ്ചാണ് മന്ത്രിയ്‌ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയത്.
കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന ഹർജിക്കാരന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം കേസിന്‍റെ നടപടി ക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസ് രജിസ്റ്റർ ചെയ്‌തതിലെ അപാകതയും നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണ കോടതി നടപടിയും ചോദ്യം ചെയ്‌തായിരുന്നു ഹർജി. ഈ കേസില്‍ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ അവകാശമോ അധികാരമോ ഇല്ലെന്ന് മന്ത്രി ആന്‍റണി രാജു ഹര്‍ജിയില്‍ പറഞ്ഞു. മന്ത്രി ആന്‍റണി രാജുവിന് വേണ്ടി സീനിയർ അഭിഭാഷകൻ പി വിജയഭാനു, അഡ്വ ദീപു തങ്കൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹാജരായത്.
തൊണ്ടി മുതല്‍ കൃത്രിമവും ആന്‍റണി രാജുവും:1990 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ലഹരി മരുന്നുകളുമായെത്തിയ വിദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയതിനെ സംബന്ധിച്ചാണ് കേസ്. അടിവസ്‌ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചെത്തിയ വിദേശിയെ വിമാനത്താവളത്തില്‍ പിടികൂടുകയും ഇയാളെ രക്ഷിക്കാനായി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു പ്രതിയുടെ അടിവസ്ത്രത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്‌തു.