എറണാകുളം: സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധിയിലായി മലയാള സിനിമ റിലീസിങ്. മലയാള സിനിമകൾ വെള്ളിയാഴ്‌ച്ച റിലീസ് ചെയ്യുമെന്ന് ഉറപ്പ് പറയാനാകില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിൽ ചേർന്ന സംയുക്ത യോഗത്തിന് ശേഷമായിരുന്നു സംഘടനകൾ തീരുമാനം വ്യക്തമാക്കിയത്. റിലീസിങിനെ കുറിച്ച് തിയേറ്ററുടമകൾ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്നും ഇരു സംഘടനകള്‍ അറിയിച്ചു.
അതേസമയം ബുധനാഴ്ച ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് സിനിമ സംഘടനകൾ കരുതുന്നത്. ജോജു ജോർജ് നായകനായ സ്റ്റാർ ഉൾപ്പെടെയുള്ള മലയാള സിനിമകൾ വെള്ളിയാഴ്ച തിയേറ്ററിൽ എത്തുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. എന്നാൽ തിയേറ്ററുടമകളുടെ ഏകപക്ഷീയമായ റിലീസിങ് പ്രഖ്യാപനം ശരിയായില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കളും വിതരണക്കാരും.
നാളെ ചേരുന്ന ഫിലിം ചേമ്പർ യോഗത്തിനു ശേഷം മാത്രമേ മലയാള സിനിമകളുടെ റിലീസിങ് സംബന്ധിച്ച് തീരുമാനമാവുകയുള്ളുവെന്ന് നിർമ്മാതാക്കളും യോഗത്തിന് ശേഷമെ സിനിമ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിതരണക്കാരും അറിയിച്ചു.
അതേസമയം മോഹലാൽ ചിത്രം മരക്കാർ ഒ ടി ടി റിലീസ് ചെയ്യുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ സിയാദ് കോക്കർ പറഞ്ഞു. മർക്കാർ ഒ.ടി.ടി റിലീസ് ചെയ്യുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ചിത്രത്തിന്‍റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്റർ ഉടമകളാണ് വാക്ക് പാലിക്കാതിരുന്നതെന്നും 200 തിയേറ്ററുകൾ അഡ്വാൻസ് നൽകാമെന്ന് പറഞ്ഞെങ്കിലും എൺപതിലധികം തിയേറ്ററുകൾ മാത്രമാണ് നൽകിയതെന്നും ഒ.ടി.ടി റിലീസ് ചെയ്യുമ്പോൾ അഡ്വാൻസ് തുക മടക്കി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സിയാദ് കോക്കർ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇതര ഭാഷ സിനിമകളുടെ പ്രദർശനം ഇന്ന് മുതല്‍ ആരംഭിക്കും. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് ആദ്യം പ്രദർശനത്തിനെത്തുക.
Read More:മിഴി തുറന്ന് ബിഗ് സ്ക്രീൻ, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍