കൊച്ചി :തന്‍റെ വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി വേഷം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് യുവതിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത നിര്‍മാതാവ് അറസ്‌റ്റില്‍. മലപ്പുറം സ്വദേശി ഷക്കീര്‍ എം കെയാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയില്‍ കോഴിക്കോട് നിന്നുമാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി :തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിനായി വലിയ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കുറച്ചുപണം നല്‍കി സഹായിക്കണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. ഉടന്‍ തന്നെ പണം കണ്ടെത്താനായില്ലെങ്കില്‍ ഷൂട്ടിങ് മുടങ്ങുമെന്നും ഇയാള്‍ അറിയിച്ചു. പണം നല്‍കിയ ശേഷം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ഫോണിലേക്ക് ആക്ഷേപകരമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി.
ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ശേഷം, കോഴിക്കോട് വച്ച് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വ്യവസായിയില്‍ നിന്ന് തട്ടിയത് 3.67 ലക്ഷം രൂപ :അതേസമയം, മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യവസായിയിൽ നിന്ന് അജ്ഞാത സംഘം 3.67 ലക്ഷം രൂപ തട്ടിയെടുത്തു. ജൂണ്‍ 22നാണ് ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിയിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.