എറണാകുളം : സർക്കാരിന്‍റെ ടിക്കറ്റിങ് ആപ്പിൽ വിശ്വാസമില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് സർക്കാർ നടപ്പാക്കുന്ന ഇ ടിക്കറ്റിങ് ആപ്പിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കി (FEUOK About Ente Show Govt Application). 'എന്‍റെ ഷോ' ആപ്പ് വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തിയേറ്റര്‍ ഉടമകൾ രംഗത്തെത്തിയത്.
തങ്ങളുടെ തിയേറ്ററുകളിൽ സർക്കാർ നിർദേശം അനുസരിച്ച് ടിക്കറ്റിങ് ആപ്പ് ഉപയോഗിക്കില്ല. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാൽ നിയമപരമായി തന്നെ നേരിടും. ആവശ്യമെങ്കിൽ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും ഫിയോക്ക് ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാര്‍ ടിക്കറ്റിങ് ആപ്പ് നിർബന്ധമാണെങ്കിൽ സർക്കാർ തിയേറ്ററുകളില്‍ ആദ്യം നടപ്പിലാക്കി കാണിക്കട്ടെ. സർക്കാർ റേഷൻ വിതരണം ചെയ്‌ത വകയിൽ റേഷൻ കടയുടമകള്‍ക്ക് പണം നൽകാനുണ്ട്, നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് പണം നൽകാനുണ്ട്. ഇത്തരം അനുഭവങ്ങൾ തങ്ങളുടെ മുന്നിലുള്ളപ്പോൾ റിസ്‌ക് എടുക്കാൻ തയ്യാറല്ലെന്നും ഫിയോക്ക് അറിയിച്ചു.
കോടിക്കണക്കിന് രൂപ ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിന്‍റെ കയ്യിൽ എത്തിയാൽ തത്‌കാലത്തേക്ക് സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ഈ പണമെടുത്ത് ഉപയോഗിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു. കൊവിഡ് കാലം മുതൽ സർക്കാർ തങ്ങൾക്ക് നൽകിയ ഒരു വാഗ്‌ദാനവും നടപ്പിലാക്കിയിട്ടില്ലെന്നും തിയേറ്റർ ഉടമകൾ കുറ്റപ്പെടുത്തി.