തിരുവനന്തപുരം : മെഡിക്കല്‍ കോളജിൽ ഐ സി യു വിന് ചാർജ് ഏര്‍പ്പെടുത്തിയ തീരുമാനം പിൻവലിക്കുന്നു (Fees for ICU and ventilators has been withdrawn). ഐസിയുവിനും വെന്‍റിലേറ്ററിനും ഫീസ് എന്ന ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ് പിൻവലിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജടക്കം ഇടപെട്ടതിനെ തുടർന്നാണ് നടപടി.
കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തിവച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാപദ്ധതികള്‍ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല. മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതും നിർത്തി. ദിവസേന ഇരുപത് പോസ്റ്റുമോർട്ടം വരെ നടക്കുന്ന സാഹചര്യത്തിലും അത്രയും തന്നെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലും പുറത്തുനിന്ന് കൊണ്ടുവരുന്ന മൃതദേഹം സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടായതിനാലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ നിസാമുദ്ദീൻ അറിയിച്ചു.
നിരന്തരം പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപ്പണിയ്ക്കായി അഞ്ച് ഫ്രീസറുകൾ വരെ മാറ്റിവയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വാടക ഈടാക്കിയല്ലാതെ മൃതദേഹം സൂക്ഷിക്കുന്നതിന് കഴിയാതെ വരുന്നതെന്നും സൂപ്രണ്ട് വിശദീകരിച്ചു. ഐ സി യു വിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു (Human Rights Commission had registered a case).