എറണാകുളം: മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഈശോസഭ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയ്ക്ക് കൊച്ചിയുടെ സ്‌മരണാഞ്ജലി. കലൂരിലെ ജസ്യൂട്ട് ഹൗസായ ലൂമെന്‍ ജ്യോതിസില്‍ പൊതുദര്‍ശനത്തിന് വച്ച അദ്ദേഹത്തിന്‍റെ ചിതാഭസ്‌മത്തിന് മുമ്പില്‍ ആദരമര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള പ്രമുഖരെത്തി.
സ്റ്റാൻ സ്വാമിയുടെ മരണം ഒരു കൊലപാതകമായാണ് താൻ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജീവിതകാലം മുഴുവൻ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച ഒരാളെയാണ് മാരകമായ നിയമങ്ങൾ ഉപയോഗിച്ച് തടവിലാക്കിയത്. പാർക്കിൻസൺസ് രോഗം ബാധിച്ച് വെള്ളം പോലും കുടിക്കാൻ കഴിയാത്ത മനുഷ്യനെ കൊല്ലാതെ കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ മാധ്യമങ്ങളോട് Also Read:പെഗാസസില്‍ ചോരുന്ന രാജ്യം: രാഹുല്‍ ഗാന്ധി അടക്കം പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർന്നു
സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ ജനങ്ങളുടെ അവസാന അത്താണിയായ ജുഡീഷ്യറി പോലും ഉണ്ടായില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യവും പ്രായവും പരിഗണിച്ച് നീതിപീഠം ജാമ്യം നൽകാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും ചിതാഭസ്‌മത്തിൽ ആദരാഞ്ജലി അർപിച്ച ശേഷം വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍, മേയർ എം അനിൽകുമാർ, എംഎല്‍എമാരായ കെ.ബാബു, പി.ടി. തോമസ്, ടി.ജെ. വിനോദ്, തുടങ്ങിയ മത, രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും സ്‌മരണാഞ്ജലി അര്‍പ്പിക്കാൻ എത്തിയിരുന്നു. ചൊവ്വാഴ്‌ച തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം ചിതാഭസ്‌മം നാഗര്‍കോവിലിലേക്ക് കൊണ്ടുപോകും.