എറണാകുളം:തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്, സുനിത ദമ്പതിമാർ നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫിസിൽ ഹാജരാക്കി. ഒളിവിൽ കഴിയുന്ന ദമ്പതിമാർ സിഡബ്ല്യുസിയുടെ ഉത്തരവ് അനുസരിച്ച് ബന്ധുക്കൾ മുഖേനെയാണ് കുഞ്ഞിനെ എത്തിച്ചത്. കളമശേരി മെഡിക്കൽ കോളജിലെ താത്‌കാലിക ജീവനക്കാരനായ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവം പുറത്ത് വന്നതോടെയായിരുന്നു ഈ വിഷയത്തിൽ സിഡബ്ല്യൂസി അന്വേഷണം തുടങ്ങിയത്.
കുഞ്ഞിന്‍റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനും സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറല്ലെങ്കിൽ കുഞ്ഞിന്‍റെ സംരക്ഷണം താത്കാലികമായി സിഡബ്ല്യുസി ഏറ്റെടുക്കും. കഴിഞ്ഞ ഓഗസ്റ്റിൽ ആലുവ സ്വദേശിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച പെൺകുട്ടിക്ക് സെപ്‌റ്റംബർ 27ന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
എന്നാൽ, ജനന സർട്ടിഫിക്കറ്റിനായി നൽകിയ വിലാസമുൾപ്പെടെ വ്യാജമായിരുന്നു. ഈ കുട്ടിയേയാണ് തൃപ്പൂണിത്തുറ സ്വദേശികൾ നിയമ വിരുദ്ധമായി ദത്തെടുത്തത്. ഇതേ കുട്ടിക്ക് വേണ്ടിയാണ് ഫെബ്രുവരി ഒന്നാം തീയതി കളമശേരി മെഡിക്കൽ കോളജ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്.
ജനന സർട്ടിഫിക്കറ്റ് നൽകുന്ന ചുമതലയിലുണ്ടായിരുന്ന നഗരസഭ ജീവനക്കാരി അറിയാതെ ഈ സർട്ടിഫിക്കറ്റ് രജിസ്റ്ററ്ററിൽ തിരുകി കയറ്റുകയും ചെയ്‌തു. ജീവനക്കാരി രഹന ഈ സർട്ടിഫിക്കറ്റ് കണ്ടെത്തുകയും സംശയം ഉന്നയിക്കുകയും ചെയ്‌തുവെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാൻ പ്രതി അനിൽകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പരാതി നൽകിയ ജീവനക്കാരി രഹനയേയും പ്രതിചേർത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹനയെ പ്രതിചേർത്തത്.