പറവൂരിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന എറണാകുളം : പറവൂരില്‍ ഹോട്ടലിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. നോർത്ത് പറവൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ കുമ്പാരി ഹോട്ടലിൽ നിന്നാണ് പഴകിയ ചിക്കൻ വിഭവങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.
ഇന്ന്(18-1-2023) രാവിലെയാണ് പരിശോധന നടന്നത്. ഇന്ന് വിൽപ്പന നടത്താൻ സൂക്ഷിച്ചതായിരുന്നു പഴകിയ ഭക്ഷണങ്ങൾ. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
വൃത്തിഹീനമായ രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടയ്ക്കാന്‍ നഗരസഭ അധികൃതര്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്‌ച(16-1-2023) രാത്രി മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽഫാം എന്നിവ കഴിച്ചവരാണ് വയറുവേദന, ശർദ്ദി, വയറിളക്കം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ആദ്യ ഘട്ടത്തിൽ രണ്ടുപേരെ പറവൂർ താലൂക്ക് ആശുപത്രിയിലും,സാരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറുപത്തിയേഴുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ഭക്ഷ്യവിഷബാധയേറ്റ അറുപതോളം പേർ പറവൂർ താലൂക്ക് ആശുപത്രി ഉൾപ്പടെ വിവിധയിടങ്ങളില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പാചകക്കാരനായ ഹസൈനാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒളിവിൽ പോയ ഉടമ സിനാനും മറ്റ് പാട്‌ണർമാർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ നഗരസഭയ്ക്ക് വീഴ്‌ച പറ്റിയെന്ന് ആരോപിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.