എറണാകുളം:വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവച്ച് അഡ്വ. എസ് സുഭാഷ്‌ചന്ദ്. സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഇനി തീരുമാനമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഹൈക്കോടതിയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന സെൻട്രൽ ഗവൺമെന്‍റ് കൗൺസില്‍ കൂടിയാണ് സുഭാഷ് ചന്ദ്.
വി.എച്ച്.പി നേതൃപദവി ഒഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍; സി.പി.എമ്മുമായി സഹകരിക്കുമെന്ന് പ്രഖ്യാപനം - വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്‍റ് അഡ്വ എസ് സുഭാഷ്‌ചന്ദ്
വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്‍റ് അഡ്വ. എസ് സുഭാഷ് ചന്ദാണ് ബുധനാഴ്‌ച സംഘടനയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. മതേതരത്വം ശക്തിപ്പെടുത്താനാണ് തന്‍റെ രാജിയെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി യോജിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. മതേതരത്വം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് മതേതരത്വം. എന്നാൽ, വർഗീയ ശക്തികളുടെ വളർച്ച മതേതരത്വത്തെ തളർത്തുകയാണെന്ന തിരിച്ചറിവാണ് തന്‍റെ തീരുമാനത്തിന് കാരണമെന്നും സുഭാഷ് ചന്ദ് പറഞ്ഞു.
നിലവില്‍, തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന തപസ്യയുടെ പ്രസിഡന്‍റാണ്. ദീർഘകാലമായി സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്ന അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. ഇതിനിടെയാണ് സംഘപരിവാർ ആശയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നതെന്നും ശ്രദ്ധേയമാണ്.