എറണാകുളം: കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കാൻ തീരുമാനം. സിറോ മലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്ക പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അതേസമയം സിനഡ് തീരുമാനം തള്ളി ബസിലിക്ക പ്രതിനിധികൾ രംഗത്തെത്തി.
പാരിഷ് കൗൺസിൽ തീരുമാനം മാനിച്ച് ധാരണയിൽ നിന്ന് പിന്മാറുന്നതായും ബസിലിക്ക പ്രതിനിധികൾ സിനഡിന് കത്ത് നൽകി. സഭയുടെ ആസ്ഥാന ദേവലായം എത്രയും വേഗം തുറന്ന് പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്‌തിരുന്നു. സിനഡ് തീരുമാനിച്ച കുർബാനയർപ്പണ രീതി മാത്രമെ ബസിലിക്കയിൽ അനുവദിക്കുകയുള്ളൂവെന്നും സിനഡ് വ്യക്തമാക്കിയിരുന്നു.
ഇത് സാധ്യമാകുന്നത് വരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല. വത്തിക്കാന്‍റെയും സിവിൽ കോടതികളുടെയും തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണ്. സിനഡ് അംഗീകരിച്ച കുർബാനയർപ്പണ രീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് ബസിലിക്ക വികാരി ആന്‍റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മറിച്ച് സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുമെന്നും സിനഡ് മുന്നറിയിപ്പ് നൽകി ബസിലിക്ക തുറന്ന് വിശുദ്ധ കുർബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ബസിലിക്ക അഡ്‌മിനിസ്ട്രേറ്റർ വികാരിക്ക് താക്കോൽ കൈമാറാനും തീരുമാനമായി.
കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്ക അഡ്‌മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തത്‌സ്ഥാനത്ത് തുടരാനും ധാരണയായി. ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാൾ വർഗീസ് പൊട്ടയ്ക്കൽ പള്ളിയും പരിസരവും വെഞ്ചരിക്കുന്നതാണ്. ഈ സാഹചര്യങ്ങൾ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്‍റെ ഭാഗമായി വികാരിക്ക് പാരിഷ് കൗൺസിൽ വിളിച്ച് കൂട്ടാവുന്നതാണ്. എന്നാൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്‍റെ അംഗീകാരം ആവശ്യമില്ല.
ജൂൺ 15 വ്യാഴാഴ്‌ച ചേർന്ന സിനഡ് സമ്മേളനത്തിലാണ് ഇതിന് ഔദ്യോഗിക അംഗീകാരം നൽകിയത്. ഈ വ്യവസ്ഥകൾ വൈദികരോ സന്യസ്ഥരോ ലംഘിച്ചാൽ അവർക്കെതിരെ കാനൻ നിയമ പ്രകാരമുള്ള നടപടികൾ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്വീകരിക്കേണ്ടതാണെന്നും സിനഡ് ആവശ്യപ്പെട്ടു. ചർച്ചയിൽ ബസിലിക്ക പള്ളി പ്രതിനിധികളായ വികാരി ആന്‍റണി നരിക്കുളം, ബാബു പുല്ലാട്ട് (കൈക്കാരൻ), അഡ്വ. എം.എ ജോസഫ് മണവാളൻ (കൈക്കാരൻ) എന്നിവർ പങ്കെടുത്തതായും സിനഡ് വാർത്ത കുറിപ്പിൽ അറിയിച്ചു.
അതേസമയം ധാരണയിൽ നിന്നും പിൻവാങ്ങുന്നതായി മൂവരും സിനഡിനെ അറിയിച്ചു. പിതാക്കന്മാർ ആവശ്യപ്പെട്ട ചർച്ചയിലെ ധാരണ പ്രകാരം എറണാകുളം ബസിലിക്ക പാരിഷ് കൗൺസിൽ ചേരുകയുണ്ടായി. കൗണ്‍സിലില്‍ പള്ളി തുറക്കുകയാണെങ്കിൽ ജനാഭിമുഖ കുർബാന മാത്രമെ അർപ്പിക്കാന്‍ പാടുള്ളൂവെന്നും തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യം പാരിഷ് കൗൺസിലിന്‍റെ സഹകരണത്തോടെ മാത്രമെ നടപ്പാക്കാനാകൂ. ജനാഭിമുഖ കുർബാന മാത്രമെ ബസിലിക്കയിൽ പാടുള്ളൂവെന്ന കൗൺസിൽ മുൻ
തീരുമാനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ധാരണയിൽ നിന്ന് പിൻവാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സ്പെഷ്യല്‍ സിനഡ് ചതിച്ചുവെന്ന് അതിരൂപത സംരക്ഷണ സമിതി:ദൈവജനത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സിറോ-മലബാര്‍ സിനഡിന്‍റെ സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍ അതിരൂപത അംഗീകരിക്കുകയില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയനും അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ട സ്പെഷ്യല്‍ സിനഡ് അതിരൂപതയെ വീണ്ടും ചതിച്ചുവെന്നും അല്‌മായ കുറ്റപ്പെടുത്തി. അതിരൂപതയിലെ വൈദികരുടെയും അല്‌മായരുടെയും അഭിപ്രായങ്ങള്‍ ആരായാതെ പൂട്ടികിടക്കുന്ന സെന്‍റ് മേരീസ് ബസിലിക്ക സൂത്രത്തില്‍ തുറന്ന് തങ്ങളുടെ പക്ഷത്തെ ജയിപ്പിക്കാനുള്ള സിനഡിന്‍റെ വില കെട്ട തീരുമാനം ക്രൈസ്‌തവ മൂല്യങ്ങള്‍ക്കോ ജനാധിപത്യ മാന്യതയ്ക്കോ നിരക്കുന്നതല്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയ പറഞ്ഞു.
ബസിലിക്കയുടെ വികാരിയെയും കൈകാരന്മാരെയും രഹസ്യ യോഗത്തിന് വിളിച്ച് ഏതാനും ധാരണങ്ങള്‍ ഒപ്പിട്ട് വാങ്ങിയതിന് ശേഷം പാരിഷ് കൗണ്‍സിലുമായി ആലോചിച്ച് എത്രയും വേഗം ബസിലിക്ക തുറക്കാനുമാണ് സിനഡ് ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍റ് മേരീസ് ബസിലിക്കയിലെ പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ സന്നിഹിതരായ 40 പേരില്‍ 38 പേരും 200 ദിവസങ്ങളിലേറെയായി പൂട്ടികിടക്കുന്ന തങ്ങളുടെ ഇടവക ദേവാലയം തുറക്കുകയാണെങ്കില്‍ അവിടെ ജനാഭിമുഖ കുര്‍ബാന മാത്രമെ അര്‍പ്പിക്കാനാവുകയുള്ളു എന്ന പ്രമേയമാണ് പാസാക്കിയത്. ഈ പ്രമേയത്തിന്‍റെ കോപ്പി അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററിനും മറ്റും സിനഡ് പിതാക്കന്മാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്‌തു. എന്നിട്ടും സ്‌പെഷ്യല്‍ സിനഡാനന്തരം പുറത്തിറക്കിയ പത്ര കുറിപ്പില്‍ ബസിലിക്ക തുറക്കാന്‍ സിനഡ് തീരുമാനിച്ചുവെന്ന് ലജ്ജയില്ലാതെ പത്രപ്രസ്‌താവന ഇറക്കിയ സിനഡിലുള്ള എല്ലാ വിശ്വാസവും ഞങ്ങള്‍ക്ക് നഷ്‌ടപ്പെട്ടുവെന്ന് അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
ജനങ്ങളുടെ ഒപ്പം നടക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മെത്രാന്മാരോട് ആവശ്യപ്പെടുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‌പിക്കാത്ത സിറോ-മലബാര്‍ സിനഡ് മെത്രാന്മാര്‍ കത്തോലിക്ക സഭയുടെ പ്രതിച്ഛായയെയാണ് തകര്‍ക്കുന്നത്. കാലഹരണപ്പെട്ട കല്‍ദായ ലിറ്റര്‍ജി തീവ്രവാദികളായ മെത്രാന്മാരുടെ കൂച്ചുവിലങ്ങിലാണ് സിറോ-മലബാര്‍ മെത്രാന്‍ സിനഡ്. മൗണ്ട് സെന്‍റ് തോമസിലെ ഓരോ സിനഡ് സമ്മേളനത്തിലും സത്യവും നീതിയും ധാര്‍മികതയും നിഷ്‌കരുണം ഗളഹസ്‌തം ചെയ്യപ്പെടുകയാണ്. അതിനാല്‍ അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒറ്റക്കെട്ടായി നിന്ന് ജനാഭിമുഖ കുര്‍ബാനയ്ക്കുളള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അല്‌മായ മുന്നേറ്റം അറിയിച്ചു.