എറണാകുളം: വിമാനവാഹിനി കപ്പല്‍ ഐ.എൻ.എസ് വിക്രാന്തിലെ മോഷണത്തില്‍ എൻ.ഐ.എ തിങ്കളാഴ്ച കോടതിയില്‍ റിപ്പോർട്ട് നല്‍കും. തന്ത്ര പ്രധാന മേഖലയില്‍ നടന്ന മോഷണം പണത്തിന് വേണ്ടിയാണെന്നും ചാരപ്രവർത്തന സാധ്യതയില്ലന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. പ്രതികളുടെ നുണ പരിശോധനയിലും ഇത് വ്യക്തമാണെന്ന് എൻ.ഐ.എ അറിയിച്ചു. അന്വേഷണത്തില്‍ ഇതുവരെയുള്ള കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. യുദ്ധക്കപ്പലിൽ നടന്ന മോഷണം രാജ്യ വിരുദ്ധ പ്രവർത്തനത്തിനായിരുന്നോ എന്നാണ് എൻ.ഐ.എ അന്വേഷിച്ചത്.
ഐ.എൻ.എസ് വിക്രാന്തിലെ മോഷണം; എൻ.ഐ.എ തിങ്കളാഴ്ച റിപ്പോർട്ട് നല്‍കും
തന്ത്ര പ്രധാന മേഖലയില്‍ നടന്ന മോഷണം പണത്തിന് വേണ്ടിയാണെന്നും ചാരപ്രവർത്തന സാധ്യതയില്ലന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. പ്രതികളുടെ നുണ പരിശോധനയിലും ഇത് വ്യക്തമാണെന്ന് എൻ.ഐ.എ അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന മോഷണം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നു എന്നാണ് എൻ.ഐ.എ അന്വേഷണത്തിൽ തെളിഞ്ഞത്. ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയറാം എന്നിവരാണ് കേസിലെ പ്രതികൾ. കപ്പലിൽ പെയിന്‍റിങ് തൊഴിലാളികളായി എത്തിയവരാണ് പ്രതികൾ. യുദ്ധക്കപ്പലിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകൾ ഇവർ മോഷ്‌ടിച്ചു. കപ്പലുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡിസ്കുകളില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണം നടത്തിയ കൊച്ചി പൊലീസ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കരാർ കമ്പനിയുമായുള്ള എതിർപ്പിനെ തുടർന്ന് യുദ്ധക്കപ്പലിൽ നിന്നും ഹാർഡ് ഡിസ്‌കുകളും കേബിളുകളും മോഷ്ടിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. മൈക്രോ പ്രൊസസറുകൾ, ഹാർഡ് ഡിസ്കുകൾ, റാമുകൾ എന്നിവ ഉൾപ്പടെ കവർച്ച നടത്തിയ 20 ഉപകരണങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇത് ഓൺലൈൻ വഴി വിൽപ്പന നടത്തിയെന്നും എൻ.ഐ.എ കണ്ടെത്തി. ചാര പ്രവർത്തന സാധ്യത കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് തിരികെ കേരള പൊലീസിന് കൈമാറാനാണ് സാധ്യത. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ച ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും.