എറണാകുളം:ജില്ലയിലെ റൂറൽ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിന് കരുത്തു പകരാൻ ഒന്‍പത് മാസത്തെ പരിശീലനം പൂർത്തിയാക്കി അർജുനെത്തി. ഗോൾഡ് മെഡലോടെ ഒന്നാമനായാണ് അർജുൻ, റൂറൽ പൊലീസിന്‍റെ കെ - 9 സ്ക്വാഡിൽ അംഗമായത്. സ്ഫോടക വസ്‌തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഈ നായ.
ALSO READ: അവകാശപ്പോരാട്ടങ്ങൾക്ക് തണല്‍ വിരിച്ച 'ഒപ്പുമരം' ഓർമയായി
കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം കെ-9 സ്ക്വാഡിന്‍റെ ഭാഗമായത്. ഭയം കൂടാത ദുരന്തമുഖത്ത് മുന്നേറുകയെന്നത് ബെൽജിയൻ മാലിനോയിസിന്‍റെ പ്രത്യേകതയാണ്. ലോക രാജ്യങ്ങളിൽ പൊലീസ് കമാന്‍ഡോ വിങിൽ അവിഭാജ്യ ഘടകമാണ് ഈ ഇനത്തില്‍പ്പെട്ട നായകള്‍.
ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്‌ഠയിലും ഒന്നാമതാണിവർ. സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി കഴിഞ്ഞാൽ അനങ്ങാതെ സേനക്ക് വിവരം നൽകുവാൻ ഇവർക്ക് കഴിയും. പാസിങ് ഔട്ടിനു ശേഷം ആദ്യം ജില്ല പൊലീസ് ആസ്ഥാനത്താണ് അർജുനെ എത്തിച്ചത്.