എറണാകുളം:കൊച്ചിയിൽ ശക്തമായ മഴ തുടരുന്നു (Heavy Rain Continuing In Kochi). നിർത്താതെയുള്ള മഴയെ തുടർന്ന് നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ വെള്ളത്തിലായതോടെ ഗതാഗതകുരുക്കും രൂക്ഷമായി.
വെള്ളിയാഴ്‌ച പുലർച്ചെ മുതൽ മഴ നിർത്താതെ പെയ്‌തതോടെയാണ് നഗരത്തിൽ പലയിടങ്ങളിലും വെള്ളമുയർന്നത്. കെഎസ്ആർടിസി ബസ് സ്‌റ്റാന്‍ഡ് (KSRTC Bus Stand) പൂർണമായും വെള്ളത്തിൽ മുങ്ങി. ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എംജി റോഡിലും (MG Road) പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു.
മഴക്കാല ഒരുക്കങ്ങളും പാളിയോ?: കലൂർ (Kaloor), പനമ്പിള്ളി നഗർ, എറണാകുളം സൗത്ത്, നഗരത്തിലെ ഇടറോഡുകളിലും വ്യാപകമായാണ് വെള്ളമുയർന്നത്. ജില്ല ഭരണകൂടവും, കൊച്ചി കോർപ്പറേഷനും നടപ്പിലാക്കിയ മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ കൊച്ചി നഗരത്തിൽ ഇതുവരെ ഫലം കണ്ടിരുന്നു. ഇത്തവണ ഇതുവരെ നഗരത്തിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ല.
മാത്രമല്ല നഗരത്തിൽ നിന്നും കായലിലേക്ക് വെള്ളമൊഴുകി പോകുന്ന മുല്ലശ്ശേരി കനാൽ നവീകരണം പകുതിയോളം പൂർത്തിയാക്കിയിരുന്നു. ഇത് എംജി റോഡ് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒരു പരിധി വരെ തടഞ്ഞിരുന്നു. ചെന്നൈയിൽ നിന്നുമെത്തിച്ച പ്രത്യേക ഉപകരണം ഉപയോഗിച്ച് കാനകൾ വൃത്തിയാക്കിയതും വെള്ളക്കെട്ട് തടയുന്നതിന് സഹായകമായിരുന്നു. എന്നാൽ ഇന്നത്തെ നിർത്താതെയുള്ള മഴയിൽ നഗരത്തിൽ വെള്ളമുയരുകയായിരുന്നു.
അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മേഖലകളിലും മലയോര പ്രദേശങ്ങളിലുമാണ് മഴ കൂടുതൽ ശക്തമായത്. എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്ന് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ജില്ല ഓഫിസിൽ നിന്ന് ജിയോളജിസ്‌റ്റ് അറിയിച്ചിരുന്നു.
കേരളത്തില്‍ മഴ തുടരും:കേരളത്തിൽ മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വ്യാഴാഴ്‌ച രാത്രി വൈകി ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിരുന്നു. ഇതാണ് സംസ്ഥാനത്ത് മഴ ശക്തമാകാനിടയാക്കിയത്. അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമാന്തരമായി മധ്യകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 160 കിലോമീറ്റർ അകലെയും ഗോവയിൽ നിന്ന് 170 കിലോമീറ്റർ അകലെയുമാണ് ന്യൂനമർദ്ദം നിലവില്‍ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ മ്യാൻമർ തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറിയിരുന്നു. ഈ ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത ഏതാനും ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ഈ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ തന്നെ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: Karyavattom Warm Up Match And Rain: സന്നാഹത്തിന് മുമ്പേ 'കളി ആരംഭിച്ച് മഴ'; തുടര്‍മത്സരങ്ങള്‍ക്കും കാര്യവട്ടത്ത് മഴപ്പേടി