എറണാകുളം :എറണാകുളം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ജില്ലയിൽ നഗര മേഖലയിലും മലയോര, തീരദേശ മേഖലകളിലും മഴ ശക്തമാണ്. കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് പ്രകാരം ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് ആയിരുന്നു. ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. അതേസമയം ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നലെയുണ്ടായ കാറ്റിലും മഴയിലും എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ തണല്‍ മരത്തിന്‍റെ ചില്ല വീണ് ഗുരുതരമായി പരിക്കേറ്റ ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്‍റെ മകന്‍ അലന്‍ (10) ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മഴക്കാലത്തിന് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റാത്തതാണ് അപകടകാരണമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി : കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കൊച്ചി നഗരത്തിലും ഇന്നലെ മുതൽ ശക്തമായ മഴ പെയ്തെങ്കിലും കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ട് ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ജില്ല ഭരണകൂടവും, കോർപ്പറേഷനും നടത്തിയ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്.
അതേസമയം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റിൽ പതിവ് പോലെ ഇത്തവണയും വെള്ളം കയറി. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലെയും കൺട്രോൾ റൂമുകളിൽ വാഹനം ഉൾപ്പെടെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.