എറണാകുളം: പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. പെരിയാറിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ പ്രതീക്ഷിച്ചതുപോലെ വെള്ളമുയർന്നിട്ടില്ലന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി പി രാജീവ് ഇപ്പോഴും അപകടകരമായ നിലയിലേക്ക് പെരിയാറിലെ ജലനിരപ്പ് എത്തിയിട്ടില്ല. ഇടുക്കി ഡാമിൽ നിന്നുള്ള ജലമെത്തുന്നതോടെ, വെളളമുയരുന്ന സാഹചര്യം പരിഗണിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിലെല്ലാം ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി. ഏത് ഘട്ടത്തെയും നേരിടാൻ ജില്ല ഭരണകൂടം സജ്ജമാണ്.
എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണ്. ഡാം മാനേജ്‌മെന്‍റ് സംവിധാനം ശാസ്‌ത്രീയമായി പ്രവർത്തിച്ച് വരികയാണ്. സർക്കാറിന്‍റെ മുന്നറിയിപ്പ് വന്നാൽ സ്വന്തമായി തീരുമാനമെടുക്കാതെ നിർദേശങ്ങളുമായി സഹകരിക്കണം. മാറി താമസിക്കാൻ പറയുന്ന വേളയിൽ തന്നെ അതിന് തയ്യാറാകണം.
വെള്ളമുയർന്നാൽ രക്ഷാപ്രവർത്തനം കൂടുതൽ ശ്രമകരമാകുന്ന സാഹചര്യമുണ്ടാകും. ജലനിരപ്പ് പരിശോധിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലും രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് പെരിയാർ അപകടകരമായ നിലയില്‍ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.