പി രാജീവിലൂടെ എറണാകുളം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ സ്വതന്ത്ര സ്ഥാനാർഥികളെ രംഗത്തിറക്കുന്നുവെന്ന വിമർശനത്തിന് മറുപടി കൂടിയാണ് മുൻ ജില്ലാ സെക്രട്ടറിയുടെ സ്ഥാനാർഥിത്വം. വർഷങ്ങൾക്ക് ശേഷമാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ മണ്ഡലത്തിൽ നിന്നും ഇടതുമുന്നണി സ്ഥാനാർഥി ജനവിധി തേടുന്നത്.
കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ എറണാകുളം കോൺഗ്രസിന്‍ റെഉറച്ച മണ്ഡലമാണ്. 1967 ൽ മാത്രമാണ് സിപിഎം ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1996 ലും 2004 ലും ഇടത് സ്വതന്ത്രർ വിജയം നേടിയെങ്കിലും ഇടതുമുന്നണിക്ക് മണ്ഡലം ബാലികയറാ മലയെന്നാണ് രാഷ്ട്രീയമായ വിലയിരുത്തൽ. അതോടൊപ്പം സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ മാത്രം മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർണയിക്കുന്നുവെന്ന വിമർശനം സിപിഎം അണികൾക്കിടയിൽ പോലും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മുൻ ജില്ലാ സെക്രട്ടറി പി രാജീവിനെ സിപിഎം രംഗത്തിറക്കിയത്. രാജ്യ സഭാംഗമായ വേളയിൽ അദ്ദേഹം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായയും ജാതിമത സംഘടനകളുമായുള്ള നല്ല ബന്ധങ്ങളും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മണ്ഡലവുമായുള്ള ജൈവ ബന്ധം തന്നെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുമെന്നാണ് പി രാജീവിന്‍റെ തന്നെ വിലയിരുത്തൽ.