എറണാകുളം :മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പതിമൂന്നാം വാർഡിൽ അസംപ്ഷൻ മൊണാസ്റ്ററി ചർച്ചിന്‍റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ജില്ല മൃഗ സംരക്ഷണ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ജില്ല ഭരണകൂടം ശക്തമാക്കി.
രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ല കലക്‌ടര്‍ ഉത്തരവിറക്കി. മേഖലയില്‍ കനത്ത ജാഗ്രതാനിര്‍ദേശവും നല്‍കി. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും അത്തരം കടകളുടെ പ്രവർത്തനവും നിര്‍ത്തലാക്കി.
പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് രോഗ ബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാറിന്‍റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള മുഴുവന്‍ പ്രോട്ടോക്കോളുകളും പാലിച്ച് ഉടന്‍ നശിപ്പിക്കണം.
ജഡം മാനദണ്ഡ പ്രകാരം സംസ്‌കരിച്ച് ആ വിവരം ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിക്കണമെന്നും ജില്ല കലക്‌ടര്‍ നിര്‍ദേശിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉടൻ റിപ്പോര്‍ട്ട് ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പന്നിമാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവയുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.
ഡിഡീസ് ഫ്രീ സോണിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂവെന്ന് ടീം ഉറപ്പ് വരുത്തേണ്ടതുണ്ട്. രോഗം സ്ഥിരീകരിച്ച പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍ എന്നിവരെ ഉൾപ്പെടുത്തിയുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.
ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട മൃഗ സംരക്ഷണ ഓഫിസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മൃഗ സംരക്ഷണ ഓഫിസര്‍ സ്വീകരിക്കണം. മൃഗ സംരക്ഷണ ഓഫിസർക്ക് ആവശ്യമായ എല്ലാ സഹകരണവും ഉടനടി ലഭ്യമാക്കാൻ മേൽ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും കലക്‌ടര്‍ എൻ.എസ്.കെ ഉമേഷ് നിർദേശം നൽകി.