എറണാകുളം:ജില്ലയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്. സ്വയം നിരീക്ഷണമെന്ന നിര്‍ദ്ദേശം പാലിക്കാതെ കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തി. എറണാകുളത്തെ മാളുകളിലും നിരവധി റെസ്റ്റോറൻ്റുകളിലും ഇയാള്‍ സന്ദര്‍ശനം നടത്തി.
വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്നുറപ്പാക്കുന്നതില്‍ വന്ന ജാഗ്രത കുറവാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത കോംഗോയില്‍ നിന്നാണ് ഇയാളെത്തിയത്. അതുകൊണ്ട് തന്നെ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്.
എന്നാല്‍ ഇത് കൃത്യമായി പാലിച്ചില്ല. അതുകൊണ്ട് തന്നെ ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമാണ്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റൂട്ട് മാപ്പ് അടക്കം പ്രസിദ്ധീകരിക്കും.
സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി.
സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തിയേറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കൊവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.