എറണാകുളം: എറണാകുളം പഴന്തോട്ടം പുന്നോർക്കോട്ടിൽ ജ്യേഷ്‌ഠൻ്റെ അടിയേറ്റ് അനുജൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി റസിഡൻസ് അസോസിയേഷനും നാട്ടുകാരും രംഗത്ത്. കഴിഞ്ഞദിവസമാണ് മദ്യലഹരിയിലായിരുന്ന ജ്യേഷ്‌ഠൻ്റെ അടിയേറ്റ് അനുജൻ പ്രദീപ് മരിച്ചത്. സംഭവം നടന്ന വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപനയും ലഹരിവസ്‌തുക്കളുടെ ഉപയോഗവും നടക്കുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി.
ജ്യേഷ്‌ഠൻ്റെ അടിയേറ്റ് അനുജൻ മരിച്ച സംഭവം; വീട്ടിൽ വ്യാജമദ്യ വിൽപനയെന്ന് നാട്ടുകാർ - ജ്യേഷ്‌ഠൻ്റെ അടിയേറ്റ് അനുജൻ മരിച്ചു
കൊലപാതകം നടന്ന വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപനയും ലഹരിവസ്‌തുക്കളുടെ ഉപയോഗവും നടക്കുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി.
വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകുകയും പ്രതിഷേധം നടത്തുകയും ചെയ്തെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. കൊലക്കേസിലെ പ്രതിയും കൂടെയുള്ളവരും നാളിതുവരെ നാട്ടിൽ ഉണ്ടാക്കിയ അസ്വസ്ഥതകളുടെ ബാക്കിപത്രമാണ് കൊലപാതകത്തിൽ എത്തിയതെന്നും ഇത് മുൻകൂട്ടി മനസിലാക്കിയാണ് നാട്ടുകാർ പ്രശ്‌നപരിഹാരത്തിനായി പരിശ്രമിച്ചതെന്നും പഴന്തോട്ടം മൈത്രി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ടി. വിജയൻ നായർ പറഞ്ഞു.
പ്രദേശത്ത് നടക്കുന്ന അനധികൃത മദ്യവിൽപനയെ സംബന്ധിച്ച് അന്വേഷണം നടത്തി എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപിരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.