എറണാകുളം: നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഹവാല പാർട്ടിയായി ബിജെപി മാറിയെന്ന് ഡിവൈഎഫ്ഐ. കേരളത്തിന്‍റെ മുന്നിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ പൂർണ നഗ്നനായി നിൽക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പരിഹസിച്ചു. നാടുനീളെ കെ. സുരേന്ദ്രൻ കേസിൽ പ്രതിയാണ്. ഒരോ ദിവസവും പുറത്ത് വരുന്ന ശബ്‌ദരേഖകൾ അദ്ദേഹം ഏർപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്.
കേരളത്തിൽ ബിജെപി ഒരു ഹവാല പാർട്ടിയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കെ. സുരേന്ദ്രന് കുഴൽപ്പണ പനി: എ.എ. റഹിം
നിയമം തനിക്ക് ബാധകമല്ലെന്ന നിലയിലാണ് സുരേന്ദ്രൻ പ്രവർത്തിക്കുന്നത്. കള്ളപ്പണം കൊണ്ടുനടക്കുകയും വിതരണം ചെയ്യുകയും കള്ളപ്പണ കവർച്ചക്കാരനെ സംരക്ഷിക്കുകയുമാണ് സുരേന്ദ്രൻ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മേനി പറച്ചിലായിരുന്നു. എന്നാൽ ഇപ്പോൾ കെ. സുരേന്ദ്രന് കുഴൽപ്പണ പനിയാണെന്നും റഹിം കൂട്ടിച്ചേർത്തു.
സുരേന്ദ്രന്‍റേത് ധാർമികതയ്‌ക്ക് നിരക്കാത്ത പെരുമാറ്റം
നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന അദ്ദേഹത്തിന്‍റെ സമീപനം അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യത്തെ വിലക്ക് വാങ്ങുകയാണ്. ഒരു പാർട്ടിയെ വില കൊടുത്ത് വാങ്ങുകയും സുന്ദരയെ പണം കൊടുത്ത് പിന്തിരിപ്പിക്കുകയുമാണ് ചെയ്തത്. ഇത് ഗൗരവ സ്വഭാവത്തിൽ കാണേണ്ടതാണ്. ഇത് കേരളത്തിന്‍റെ രാഷ്ട്രീയ ധാർമികതയ്ക്ക് ചേരുന്നതല്ലെന്നും എ.എ.റഹിം പറഞ്ഞു.
മൂവാറ്റുപുഴ പോക്സോ കേസ്: കുഴൽനാടൻ പ്രതിയെ സംരക്ഷിക്കുന്നു
അതേസമയം മൂവാറ്റുപുഴ പോക്സോ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെയും ജില്ലാ സെക്രട്ടറിയെയും ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും റഹിം ചൂണ്ടിക്കാണിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ആണ് ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. പ്രതികളിലൊരാൾക്ക് വേണ്ടി ആദ്യം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും അദ്ദേഹമാണ്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പരസ്യമായി പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മാത്യു കുഴൽനാടനെതിരെ സ്‌പീക്കർക്ക് പരാതി നൽകുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
Also Read:കുഴല്‍പ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍