എറണാകുളം:കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്. മെഷീനില്‍ കൃത്രിമം നടത്തിയാണ് വ്യാപകമായി പണം തട്ടിയത്. കവര്‍ച്ചയ്‌ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം ആണെന്നാണ് സൂചന.
കവര്‍ച്ചയുടെ സിസിടിവി ദൃശ്യം എടിഎം മെഷീനിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പണം പുറത്തേക്ക് വരുന്നത് തടഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാർ മടങ്ങുമ്പോൾ ഈ ഉപകരണം മാറ്റി സംഘം പണം കൈക്കലാക്കുകയായിരുന്നു. കളമശ്ശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പുറത്ത് വന്ന ദൃശ്യങ്ങളില്‍ മോഷ്‌ടാവിന്‍റെ മുഖം വ്യക്തമാണ്. ഈ എടിഎമ്മില്‍ ഏഴുപേരില്‍ നിന്നായി 25,000 രൂപ നഷ്‌ടമായതായാണ് പരാതി. ഓഗസ്‌റ്റ് 18, 19 തീയതികളിലാണ് പണം കവര്‍ന്നത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ഇടപ്പള്ളി, ബാനർജി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം നഷ്ടമായതായും പരാതിയുണ്ട്. ജില്ലയിൽ 13 എടിഎമ്മുകളിൽ തട്ടിപ്പ് നടന്നു എന്നാണ് വിവരം.