എറണാകുളം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് ആശയകുഴപ്പത്തിനിടയാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ രേണു രാജാണ് അവധി പ്രഖ്യാപിച്ചത്. വൈകി അവധി പ്രഖ്യാപിച്ചതിന് കലക്‌ടര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
എറണാകുളത്ത് അവധി പ്രഖ്യാപനം രാവിലെ എട്ട് മണിക്ക് ശേഷം: കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം - announcing holiday in rain
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണകുളം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ രേണു രാജ് രാവിലെ എട്ട് മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചത് ആശയകുഴപ്പത്തിനിടയാക്കി
രാവിലെ എട്ട് മണിക്ക് ശേഷമാണ് കലക്‌ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്നതിനാൽ കുട്ടികൾ ഇതിനിടെ ശക്തമായ മഴയ്ക്കിടയിലും സ്കൂളിലെത്തിയിരുന്നു. ഇതോടെ വൈകി വന്ന അവധി പ്രഖ്യാപനം രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കി. കുട്ടികളെ സ്‌കൂളുകളിലേക്ക് അയച്ച് ജോലിക്ക് പോയ മാതാപിതാക്കളാണ് കൂടുതൽ ആശങ്കയിലായത്.
കലക്‌ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനത്തിനെതിരെ വിമർശനം ശക്തമായതോടെ പുതിയ നിർദേശവുമായി കലക്ടർ രംഗത്തെത്തി. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്‌ടർ അറിയിച്ചു.