കേരളം

kerala

ETV Bharat / state

കലക്ടറുടെ മിന്നല്‍ പരിശോധന: സ്വകാര്യൻമാർക്ക് പിടിവീഴും - ബസ്

ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു.

കലക്ടറുടെ മിന്നല്‍ പരിശോധന: സ്വകാര്യൻമാർക്ക് പിടിവീഴും

By

Published : Jun 24, 2019, 11:23 PM IST

കൊച്ചി: വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് മിന്നല്‍ പരിശോധന നടത്തി. തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കലക്ടറുടെ പരിശോധന. സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ നേരിട്ട് എത്തിയത്.

ബസ് സ്റ്റോപ്പില്‍ കലക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കലക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കലക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കലക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കലക്ടര്‍ വ്യക്തമാക്കി.

വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെ കുറിച്ച് ദിവസേന പരാതിയുണ്ടെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തന്‍റെ അഭ്യര്‍ത്ഥനയെന്നും കലക്ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details