എറണാകുളം :ആലുവയിൽ തോക്കുചൂണ്ടി കാറടക്കം ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അൻഷാദിനെയാണ് (30) പിടികൂടിയത്. ഇയാൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു.
അൻഷാദ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണവും പിടിച്ചുപറിയുമുൾപ്പടെ 32 കേസുകളിലെ പ്രതിയാണ് അൻഷാദ്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി പറവൂരിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേയാണ് പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.
സംഭവം, മാർച്ച് 31ന് :പ്രധാന പ്രതിയായ മനാഫിന്‍റെ സഹായിയാണ് ഇയാൾ. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പടെ ഏഴ് പേരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. മുജീബിന് കൊണ്ടുവന്ന ലഹരിവസ്‌തുവായ ഹാൻസ് തട്ടിയെടുക്കാൻ, മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചുവിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം.
ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പടെ തട്ടിക്കൊണ്ടുപോയത്. മർദിച്ച ശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നുകളയുകയായിരുന്നു. വാഹനങ്ങളും, ഹാൻസും നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.