കൊച്ചി:മേയർ സൗമിനി ജെയിനിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മേയർ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നോർമൻ ജോസഫ് രംഗത്ത്. കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ ജില്ലാഭരണകൂടം ഇറങ്ങി പ്രവർത്തിക്കേണ്ടി വന്നത് മേയറുടെ കഴിവുക്കേട് കൊണ്ടാണെന്നും, മേയറെ മാറ്റിയാൽ പാർട്ടി നിലനിൽക്കുമെന്നും നോർമൻ ജോസഫ് പറഞ്ഞു. ഹൈബി ഈഡന് 21,000 വോട്ടുകൾ ലഭിച്ച സ്ഥാനത്ത് വിനോദിന് ലഭിച്ചതാകട്ടെ മൂവായിരത്തിൽപ്പരം വോട്ടിന്‍റെ മാത്രം ലീഡ്. മേയർ താമസിക്കുന്ന ബൂത്തിൽ പോലും വിനോദ് മൂന്നാംസ്ഥാനത്താണ്. എന്നാൽ ഇത് സംബന്ധിച്ച് നേതൃത്വം ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ വികാരം മാനിച്ചാണ് ഡിസിസിയിൽ പോലും ഇത്തരത്തിലൊരു പരാതി ഉന്നയിച്ചതെന്നും നോർമൻ ജോസഫ് വ്യക്തമാക്കി.
സൗമിനി ജെയിൻ രാജി വെക്കണമെന്ന് ആവശ്യം ശക്തം - Kochin news
ജനങ്ങളുടെ വികാരം മാനിച്ചാണ് ഡിസിസിയിൽ പോലും ഇത്തരത്തിലൊരു പരാതി ഉന്നയിച്ചതെന്ന് എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നോർമൻ ജോസഫ്
ഭരണകൂടത്തിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ വിമർശനമുന്നയിച്ചിരുന്നു. എൻ വേണുഗോപാൽ അടക്കം മേയർ രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ ഡിസിസിയിൽ അത്തരത്തിലൊരു വിമർശനമുന്നയിച്ചതിനാണ് സസ്പെൻഷൻ. മേയറിന് പിന്തുണ പ്രഖ്യാപിച്ചവർ പാർട്ടിയോട് കൂറില്ലാത്തവരാണെന്നും ജനങ്ങളുടെ വികാരം നേതൃത്വം മനസിലാകുന്നില്ലെന്നും നോർമൻ ജോസഫ് കുറ്റപ്പെടുത്തി. പലപ്പോഴും മുതിർന്ന നേതാക്കളെ പരാതികൾ ധരിപ്പിക്കാൻ അവസരം ലഭിക്കാറില്ലെന്നും മേയറുടെ വിഷയം ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്ക് ഉൾപ്പെടെ പരാതി കൊടുക്കാൻ ആലോചിക്കുന്നതായും നോർമൻ ജോസഫ് പറഞ്ഞു.
കൊച്ചി മേയറുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇക്കാര്യത്തിൽ ഉടൻതന്നെ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ എറണാകുളം ഡിസിസി ഓഫീസിൽ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നോർമൻ ജോസഫ് ആവശ്യം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വാക്കേറ്റവും ഉണ്ടായതിനു പിന്നാലെയാണ് നേതാക്കളുടെ അഭിപ്രായം മാനിച്ച് നോർമൽ ജോസഫിനെ ഡിസിസി പ്രസിഡന്‍റ് സസ്പെൻഡ് ചെയ്തത്. നോർമൻ ജോസഫ് ഡിസിസിയിൽ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡിസിസിയിൽ ബന്ധപ്പെട്ടാൽ അറിയാൻ സാധിക്കുമെന്നാണ് സംഭവത്തെക്കുറിച്ച് മേയർ പ്രതികരിച്ചത്. മേയർക്കെതിരെ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ പോലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വന്തം പാർട്ടിയിൽ നിന്ന് പോലും ശക്തമായ എതിർപ്പുമായി നേതാക്കൾ രംഗത്ത് വരുന്നത്.