എറണാകുളം:പെരുമ്പാവൂരിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡിൽ അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായത് പുലർച്ചെ. പെരുമ്പാവൂർ മുടിക്കലിൽ ജോലി ചെയ്തു വരികയായിരുന്ന മൂന്ന് പേരെയാണ് എൻഐഎ പിടികൂടിയത്. കസ്റ്റഡിയിൽ ഉള്ളവർ മുടിക്കലിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി ഇയാൾ പെരുമ്പാവൂരിൽ താമസിക്കുകയായിരുന്നു.
തീവ്രവാദ കേസിൽ അറസ്റ്റിലായ മുർഷിദ് ഹസൻ കഴിഞ്ഞ ഒരു വർഷമായി കേരളത്തിലുണ്ടെന്ന് ഏലൂരിലെ ഇതര സംസ്ഥാന തൊഴിലാളി അസദുൾ മുള്ള പറഞ്ഞു. കഴിഞ്ഞ രണ്ടര മാസമായി ഇയാൾ തങ്ങളോടൊപ്പമായിരുന്നെന്നും ഒരു തരത്തിലും ഇയാളുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയിരുന്നില്ലെന്നും മുർഷിദാബാദ് സ്വദേശി കൂടിയായ അസദുൾ മുള്ള ഇടിവി ഭാരതിനോട് വിശദമാക്കി. ലോക്ക് ഡൗൺ സമയത്ത് താമസവും ജോലിയും നഷ്‌ടപെട്ടാണ് ഇയാൾ തങ്ങളുടെ അടുത്ത് എത്തിയത്. ഒപ്പം താമസിച്ചിരുന്നയാൾ തീവ്രവാദിയാണെന്നറിഞ്ഞ ഭയത്തിലാണുള്ളതെന്നും അസദുൾ മുള്ള വ്യകമാക്കി. കുറച്ച് ദിവസങ്ങൾ മുർഷിദ് ഹസന്‍റെ കയ്യിൽ ലാപ്‌ടോപ് കണ്ടിരുന്നു. സിനിമ കാണാൻ പഴയ ലാപ്‌ടോപ് വാങ്ങിയെന്നാണ് പറഞ്ഞത്. പിന്നീടിത് കേടാവുകയും ചെയ്തു. ഇയാൾ തീവ്രവാദിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കൂടെ താമസിപ്പിക്കില്ലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കതക് പൊളിച്ചാണ് ഞങ്ങൾ താമസിച്ച വീട്ടിലേക്ക് പൊലീസ് പ്രവേശിച്ചത്. ഉറങ്ങികിടക്കുകയായിരുന്ന, ഞങ്ങളെ ക്രൂരമായി പോലീസ് മർദിച്ചുവെന്നും അസദുൾ മുള്ള വിശദീകരിച്ചു.