എറണാകുളം:ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് ആലുവയിലെ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പേർ കൂടി പിടിയിൽ. ഗോവ ബോഗ്‌മലോ സ്വദേശി ഡേവിഡ് ഡയസ് (35), ഗോവ പനാജി സ്വദേശി റമീവാസ് (52) എന്നിവരെയാണ് ഗോവയിൽ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശിയായ മാങ്കോർ ഹിൽ, മൗലാലി ഹബീബുൽ ഷേഖ്, കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാല ബസാറിൽ കൊയിലോട് ജുമാ മസ്‌ജിദിന് സമീപം സജീറ മൻസിൽ അബൂട്ടി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവര്‍ച്ച: രണ്ടു പേർ കൂടി പിടിയിൽ
കേസില്‍ മറ്റു മൂന്നു പേര്‍ നേരത്തെ പിടിയിലായിരുന്നു
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി ഗോവയിൽ നിന്നും പിടികൂടിയത്. ജൂൺ അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ആലുവ ബാങ്ക് ജങ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ച് പേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളയുകയായിരുന്നു.
വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. ഡി.വൈ.എസ്.പി പി.കെ ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.