എറണാകുളം: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. നോട്ടിസ് നല്‍കി സുബൈറിനെ എറണാകുളത്തെ ഇ.ഡി ഓഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ച ഒരു കോടി രൂപ കുടുംബത്തിന് കൈമാറാതെ വകമാറ്റിയെന്നാണ് ആരോപണം. കള്ളപ്പണ ഇടപാടിലും വിദേശനാണ്യ വിനിമയ ചട്ട ലംഘനമുൾപ്പടെയുള്ള കുറ്റങ്ങളിലുമാണ് ഇഡി അന്വേഷണം.
യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ ഇ.ഡി ചോദ്യം ചെയ്യുന്നു - പണപിരിവില്‍ വലിയ തിരിമറി
കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
അതേസമയം ഇ.ഡി എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും തനിക്ക് നൽകിയ നോട്ടിസിൽ എന്താണ് കാര്യമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. കത്വ ഫണ്ട് ആരോപണത്തിൽ കഴമ്പില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ഒരാള്‍ പരാതി കൊടുത്തതിനാല്‍ മാത്രമുള്ള നടപടിയാണിതെന്നും സുബൈര്‍ ആരോപിച്ചു. മുന്‍ ലീഗ് നേതാവ് യൂസഫ് പടനിലത്തിന്‍റെ പരാതിയിലാണ് ഇ.ഡി അന്വേഷണം. നേരത്തെ ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സുബൈര്‍ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.