ഇഡി ചോദ്യം ചെയ്യലിന് ശേഷം പിവി അന്‍വര്‍ എറണാകുളം:ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു സംബന്ധിച്ച പ്രതികരണത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പിവി അൻവർ എംഎൽഎ. കർണാടകയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് നടപടി. ഇഡിയുടെ കൊച്ചി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് എംഎൽഎയെ ചോദ്യം ചെയ്‌തത്. ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏട്ടേമുക്കാലോടെയാണ് പൂർത്തിയായത്.
അതേസമയം മൊഴി പരിശോധിച്ച ശേഷം വീണ്ടും പിവി അൻവറിനെ വിളിപ്പിക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ എംഎൽഎയോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞതോടെ അദ്ദേഹം ക്ഷുഭിതനായി.
ഇഡി വിളിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് പിവി അൻവർ പറഞ്ഞു. പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ കളിയെപ്പറ്റി ചർച്ചയായിരുന്നുവെന്ന പരിഹാസത്തോടെയാണ് പിവി അൻവർ മടങ്ങിയത്.
മലപ്പുറം സ്വദേശിയായ പ്രവാസി എഞ്ചിനിയർ സലിം എന്നയാളാണ് പിവി അൻവറിനെതിരെ പരാതി നൽകിയത്. 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലിമിന്‍റെ പരാതി. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ പിവി അന്‍വര്‍ തട്ടിയെന്ന് സലിം ആരോപിച്ചിരുന്നു.
എംഎൽഎക്കെതിരായ പരാതിയിൽ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും നേരത്തെ അന്വേഷണം നടത്തിയിരുന്നു. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് ചൂണ്ടികാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും കോടതി തള്ളിയിരുന്നു. സംസ്ഥാന ഏജൻസികളുടെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് രേഖകൾ സഹിതം പരാതിക്കാരൻ ഇഡിയെ സമീപ്പിച്ചത്. ഇതേ തുടർന്നാണ് പരാതിയിൽ ഇഡി അന്വേഷണം തുടങ്ങിയത്. ഇതിന്‍റെ തുടർച്ചയായാണ് എംഎൽഎയെ നേരിട്ട് വിളിച്ച് വരുത്തി എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്‌തത്.