കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന് എതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കേസെടുത്തു. പുരാവസ്തു തട്ടിപ്പിനു പിന്നിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇ.ഡി. അന്വേഷിക്കും. കേസിന്‍റെ വിശദാംശങ്ങൾ തേടി ഇ.ഡി ക്രൈം ബ്രാഞ്ചിന് കത്ത് നൽകി. മോൻസണിന്‍റെ മുൻ ഡ്രൈവർ അജിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
നിലവിലെ ക്രൈം ബ്രാഞ്ച് കേസുകളിലെ പരാതിക്കാരെയും, പ്രതികളെയും ഇ.ഡി ചോദ്യം ചെയ്യും. മോൻസൻ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കോടതിയുടെ അനുമതിയോടെയായിരിക്കും ഇ.ഡി ചോദ്യം ചെയ്യുക. ഇതിനു ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക.
പൊലീസ് സഹായത്തോടെ മോൻസൻ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജി പരിഗണിച്ച കോടതി കേസിൽ ഇ.ഡിയെയും കക്ഷി ചേർക്കാൻ അനുമതി നൽകിയിരുന്നു. മോൻസണിനെതിരെ വിപുലമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ അന്വേഷണ നടപടികൾ കൃത്യമായി വീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുൻ ഡി.ജി.പി ലോക് നാഥ് ബെഹറ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരെ മോൻസൻ കേസിൽ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മോൻസണിനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പു കേസുകൾ, വ്യാജരേഖ ചമച്ച കേസ്, പോക്സോ കേസ്, പീഡനക്കേസ് എന്നിവയും നിലവിലുണ്ട്. ഇതിനെ പുറമെയാണ് ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസുകൂടി റജിസ്റ്റർ ചെയ്തത്.