എറണാകുളം: ജുഡീഷ്യൽ കമ്മിഷൻ അന്വേഷണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാർ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ വ്യാജ തെളിവുകളുണ്ടാക്കി കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന ആരോപണം അന്വേഷിക്കാൻ ജസ്‌റ്റിസ് വി.കെ മോഹനനെ ജുഡീഷ്യൽ കമ്മിഷനായി സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. വിഷയത്തെ കുറിച്ച് അറിവുള്ളവർക്ക് തെളിവു നൽകാമെന്ന് വ്യക്തമാക്കി കമ്മിഷൻ ഇന്നലെ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത ദിവസം തന്നെ ഇ.ഡി തങ്ങൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കമ്മിഷന്‍റെ അന്വേഷണ പരിഗണന വിഷയത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ശബ്‌ദരേഖ, സന്ദീപ് നായരുടെ കത്തിലൂടെയുളള ആരോപണം എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങളിൽ നിലവിൽ അന്വേഷണം നടക്കുന്നതിനാൽ സമാന്തര അന്വേഷണം നടത്തുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് ഇ.ഡിയുടെ ആരോപണം.