എറണാകുളം: ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് പനങ്ങാട് കുമ്പളത്തെ ചതുപ്പില്‍ സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. യൂസഫലിയും ഭാര്യയും പൈലറ്റുമടക്കം അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ഇടിച്ചിറക്കി - യൂസഫലി ഹെലികോപ്റ്റര്‍ അപകടം
പനങ്ങാട് കുമ്പളത്തെ ചതുപ്പിലാണ് സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്.
ഹെലികോപ്റ്റര്‍ ലാന്‍റ് ചെയ്യാൻ അഞ്ഞൂറ് മീറ്ററിൽ താഴെ ദൂരം അവശേഷിക്കെയാണ് അപകടം സംഭവിച്ചത്. അപകടസമയം ചാറ്റൽ മഴയും കാറ്റുമുണ്ടായിരുന്നു. ഇരുപത് സെന്റ് മാത്രമുള്ള ചുറ്റും മതിലും വൃക്ഷങ്ങളും ഇലക്ട്രിക്ക് പോസ്റ്റുമുള്ള സ്ഥലത്ത്, ഹെലികോപ്റ്റര്‍ കൃത്യമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പ് ഹെലികോപ്റ്റർ താഴേക്ക് പതിച്ചിരുന്നുവെന്ന് ദൃക്സാക്ഷിയായ രാജേഷ് പറഞ്ഞു. രാജേഷും കൂടിച്ചേര്‍ന്നാണ് യുസഫലിയെയും മറ്റുള്ളവരെയും ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്ന് മനസിലായിരുന്നുവെന്നും രാജേഷ് പറഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലന്നും സാങ്കേതിക വിദഗ്ധരെ എത്തിച്ച് അന്വേഷണം നടത്തുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.