എറണാകുളം:കോതമംഗലം പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന കിണറ്റിൽ വീണു. ഏകദേശം അഞ്ച് വയസ് പ്രായമുള്ള കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. ബിജു പടിഞ്ഞാറേക്കര എന്നയാളുടെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് ആന വീണത്. ബുധനാഴ്ച പുലർച്ചെ എഴു മണിക്കാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് രണ്ട് ആനകൾ തമ്പടിച്ചിരുന്നു. ഇതിൽ ഒരു കൊമ്പനാന പത്തടി താഴ്ച്ചയിലുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. സമാന രീതിയിൽ അടുത്ത പ്രദേശമായ മണികണ്ഠൻചാലിൽ വീണ ആനയെ മുമ്പ് വനപാലകർ രക്ഷപ്പെടുത്തിയിരുന്നു.
പൂയംകുട്ടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ചു - ernakulam
പത്തടി താഴ്ച്ചയിലുള്ള കിണറ്റിലേക്ക് വീണ കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
പ്രദേശത്ത് ആനശല്യം രൂക്ഷമായതോടെ സുരക്ഷാ സംവിധാനങ്ങൾ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. റോഡിന് ചേർന്നുള്ള ഈ പ്രദേശത്തെ ആനസംരക്ഷണ വേലി തകരാറിലാണ്. ആനകൾ ജനവാസ കേന്ദ്രത്തിൽ കടക്കാതിരിക്കാൻ ഗര്‍ത്തം അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആനയെ കിണറ്റിൽ നിന്ന് കയറ്റാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. നാലു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ചു. പതിനാല് കിലോമീറ്റർ ഗര്‍ത്തം നിർമിക്കാനും കാട്ടാനശല്യത്തിൽ നാശനഷ്‌ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാമെന്നും വനം വകുപ്പ് ഉറപ്പ് നൽകി.