എറണാകുളം: ആദിവാസി കുടുംബത്തിന്‍റെ കുടിൽ കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു. ഇടമലയാറിന്‍റെ തീരത്ത് കപ്പായത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ജീവിതം നയിക്കുന്ന ചെല്ലപ്പന്‍റെ കുടിലാണ് കഴിഞ്ഞ ദിവസം കാട്ടാന തകർത്തത്.
ആദിവാസി കുടുംബത്തിന്‍റെ കുടിൽ കാട്ടാനകൾ തകർത്തു
താമസസൗകാര്യം ഒരുക്കണമെന്നാവാശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിക്ക് നിവേദനം നൽകി മടങ്ങിയ ആദിവാസി കുടുംബത്തിന്‍റെ കുടിലാണ് കാട്ടാനകൾ തകർത്തത്
ഊരിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇടമലയാർ ജലാശയത്തിന്‍റെ തീരത്ത് കപ്പായത്ത് പാറപ്പുറത്ത് കുടിൽ കെട്ടി അവിടെ താമസമാരംഭിക്കുകയായിരുന്നു ചെല്ലപ്പനും കുടുംബവും. ഞായറാഴ്ച്ച വടാട്ടുപാറയിലെത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനോട് തങ്ങൾക്ക് ഇടമലയാർ ഡാം സൈറ്റിന് മുകളിൽ വൈശാലി ഗുഹക്ക് സമീപം താമസ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി തിരിച്ച് എത്തുമ്പോഴാണ് കുടിൽ കാട്ടാന കൂട്ടം തകർത്ത വിവരം അറിയുന്നത്. പാറയുടെ മുകളിലെ കുടിലിന്‍റെ ചുറ്റും കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ച് കീറുകയും പാത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. മീൻ പിടിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വലകളും നശിപ്പിച്ചു.
വന്യമൃഗങ്ങൾ ധാരാളമുള്ള ഈ പ്രദേശത്ത് രണ്ടു കുട്ടികളുമായി ജീവൻ പണയം വച്ചാണ് ചെല്ലപ്പനും ഭാര്യയും ദിവസങ്ങൾ തള്ളി നീക്കുന്നത്. വെറ്റിലപ്പാറ, വാഴച്ചാൽ എന്നിവിടങ്ങളിലെ ട്രൈബൽ സ്കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്. സർക്കാരിന്‍റെ കണക്കുകളിൽ ഇവരില്ലാത്തതിനാൽ റേഷൻ കാർഡോ, മറ്റ് രേഖകളോ ഇവർക്കില്ല. വരും ദിവസങ്ങളിലും ആനക്കൂട്ടം എത്തുമെന്ന ഭീതിയിലാണിവർ. അടിയന്തരമായി ഇവരെ ഇടമലയാർ ട്രൈബൽ ഷെൽട്ടറിലേക്കോ മറ്റിടത്തേക്കോ മാറ്റി താമസിപ്പിക്കണം എന്ന ആവശ്യം ഉയരുകയാണ്.