എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, ഫോർട്ട് കൊച്ചി,തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോക്സഭാ നിയോജകമണ്ഡലം. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ചുരുക്കം തവണ മാത്രമാണ് എറണാകുളം എല്‍ഡിഎഫിന് ഒപ്പം നിന്നത്. ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ മണ്ഡലത്തിൽ ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ 12 തവണ മണ്ഡലം യുഡിഎഫിനൊപ്പം നിന്നപ്പോൾ, അഞ്ച് തവണ മാത്രമാണ് എറണാകുളം ഇടതിന് സ്വന്തമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം വലത്തിനു തന്നെ.
കളമശ്ശേരി, തൃക്കാക്കര , പറവൂർ, എറണാകുളം എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് കൈവശം വയ്ക്കുമ്പോൾ കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ എന്നീ മണ്ഡലങ്ങൾ മാത്രമാണ് ഇടതിനൊപ്പമുള്ളത്.
2009 ൽ എൽഡിഎഫിൽ നിന്ന് മണ്ഡലം തിരികെ പിടിച്ച കെ.വി തോമസിന് ലഭിച്ചത് 11970 വോട്ടുകളുടെ ഭൂരിപക്ഷമാണങ്കിൽ 2014 ൽ ഇത് 87047 ആയി ഉയർന്നു.
353841 വോട്ടുകളാണ് 2014 ൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയത്, രണ്ടാം സ്ഥാനക്കാരായ എൽഡിഎഫിന് 266794 വോട്ടുകളും മൂന്നാം സ്ഥാനത്ത് എത്തിയ എൻഡിഎയ്ക്ക് 99003 വോട്ടുകളുമാണ് ലഭിച്ചത്. തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. സിറ്റിംഗ് എംഎൽഎ ഹൈബി ഈഡനാണ്ഇത്തവണ യുഡിഎഫ് സ്ഥാനാർഥി. സീറ്റ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾക്ക് ശേഷമാണ് ഹൈബിക്ക് എറണാകുളത്ത് നറുക്ക് വീണത്. മണ്ഡലത്തിൽ യുഡിഎഫിനുള്ള ശക്തമായ അടിത്തറയും എംഎൽഎ എന്ന നിലയിൽ ഹൈബിയുടെ വ്യക്തി ബന്ധങ്ങളും യുഡിഎഫ് ക്യാമ്പിൽ അത്മവിശ്വാസം വർധിപ്പിക്കുന്നു.