എറണാകുളം :ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി. കോടതി ഓഫിസറുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്‌ച എൽദോസിന്‍റെ അഭിഭാഷകന് രഹസ്യമൊഴി പരിശോധിക്കാം. അതിനിടെ എൽദോസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് പരാതിക്കാരിയുടെ വാദം. കോടതിക്ക് നൽകിയ രഹസ്യമൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.