എറണാകുളം : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്ന് എൻ ഐ എ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും പ്രതിയെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വിടണമെന്നും എൻ ഐ എ കോടതിയിൽ ആവശ്യപ്പെട്ടു. എൻ ഐ എയുടെ ഒരാഴ്‌ചത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലായിണ് പ്രത്യേക എൻ ഐ എ കോടതിയിൽ പ്രതി ഷാറൂഖ് സെയ്‌ഫിയെ ഹാജരാക്കിയത്.
അതേസമയം എൻ ഐ എ യുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. ഇതിനായി ബന്ധുക്കൾ ഡൽഹിയിൽ നിന്ന് എത്തിയിട്ടുണ്ട്. പ്രതിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലും ചോദ്യം ചെയ്യണം.
പ്രതി വി പി എൻ ഉപയോഗിച്ച് നടത്തിയ ഇൻ്റർനെറ്റ് സെർച്ചുകളിലും ദുരൂഹതയുണ്ട്. ഷാരൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന് വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും കസറ്റഡി അപേക്ഷയിൽ എൻ.ഐ.എ ചൂണ്ടിക്കാണിച്ചു.
എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച് പ്രതിയെ മെയ് രണ്ടിന് ഒരാഴ്‌ചത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഷാരൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. എലത്തൂരിൽ വച്ച് യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച പ്രതിയെ മിനറൽ വാട്ടൽ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷോർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കേസ് ഏറ്റെടുത്ത ശേഷം മെയ് രണ്ടിന് ആദ്യമായാണ് ഷാരൂഖിനെ ചോദ്യം ചെയ്യാൻ എൻ ഐ എ കസ്റ്റഡിയിൽ വാങ്ങിയത്. എലത്തൂർ കേസിൽ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് പുറമെ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി പ്രതിയെ ചോദ്യം ചെയ്‌ത് വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്. കുറ്റകൃത്യത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരെഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻ ഐ എ അന്വേഷണം നടത്തിവരികയാണ്.
പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻ ബാഗ് കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണമാണ് എൻ ഐ എ നടത്തിയത്. കേരള പൊലീസ് നടത്തിയ പന്ത്രണ്ട് ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്മമായി പരിശോധിച്ച് തന്നെയാണ് എൻ ഐ എ അന്വേഷണം മുന്നോട്ട് നീക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസിൽ എൻ ഐ എ അന്വേഷിക്കുന്നതായിരിക്കും ഫ്രലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ യു എ പി എ ചുമത്തിയതിന് പിന്നാലെ അന്വേഷണം ഏറ്റെടുത്തത്.
പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സൂചന . എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ യു എ പി എ ചുമത്തിയത്. അതേസമയം എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിയെ എൻ ഐ എ രണ്ടാമതും കസ്റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞ ഏപ്രിൽ പതിനെട്ടിനായിരുന്നു എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻ ഐ എ ഏറ്റെടുത്തത്. അന്വേഷണ ചുമതലയുള്ള കൊച്ചി എൻ ഐ എ യൂണിറ്റ് പ്രത്യേക എൻ.ഐ.എ കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. കേരളത്തെ നടുക്കിയ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു.
തീവ്രവാദ സ്വഭാവമുള്ളതും ഡൽഹി, മഹാരാഷ്‌ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളുമായി ബന്ധങ്ങമുള്ള കേസിൽ കേരള പൊലീസിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ട്രെയിൻ തീവയ്പ്പ് കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി ദേശീയ അന്വേഷണ എജൻസിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇതേ തുടർന്ന് തീവ്രവാദ ബന്ധത്തിന്‍റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകിയിരുന്നു. ഡൽഹിയിൽ നിന്ന് ഷൊർണൂരും കോഴിക്കോടുമെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും, ബാഹ്യസഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പോലീസും സംശയിച്ചത്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തി കൂട്ടുപ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യു എ പി എ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയായിരുന്നു അധികം താമസിയാതെ ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. എൻ.ഐ എ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇവിടുത്തെ എൻ.ഐ.എ. കോടതിയിലാണ് പുരോഗമിക്കുന്നത്.