കേരളം

kerala

By

Published : May 2, 2023, 4:39 PM IST

ETV Bharat / state

എലത്തൂർ ട്രെയിൻ തീവയ്പ്പ്; ഷാറൂഖ് സെയ്‌ഫി എൻഐഎ കസ്റ്റഡിയിൽ

ട്രെയിൻ തീവയ്പ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. ഷാരൂഖ് സെയ്‌ഫിയെ ഒരാഴ്‌ചത്തേക്ക് കസ്റ്റഡിയില്‍ വിട്ട് എന്‍ഐഎ കോടതി. മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നതില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കും.

എലത്തൂർ ട്രെയിൻ തീവയ്പ്പ്  ഷാറൂഖ് സെയ്‌ഫി എൻഐഎ കസ്റ്റഡിയിൽ  ഷാറൂഖ് സെയ്‌ഫി  ട്രെയിൻ തീവയ്പ്പ്  എന്‍ഐഎ  എന്‍ഐഎ വാര്‍ത്തകള്‍  കൊച്ചിയിലെ എൻഐഎ ആസ്ഥാനം  kerala news updates  latest news in kerala  news updates  live news  crime news
elathur train fire

എറണാകുളം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് പ്രതിയെ ഒരാഴ്‌ചത്തെ കസ്റ്റഡിയിൽ വിട്ടത്. എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

കസ്റ്റഡിയില്‍ വിട്ട ഷാരൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഷാരൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യാൻ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്. എലത്തൂർ കേസിൽ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് പുറമെ മറ്റു പ്രതികൾ ഉണ്ടോയെന്ന കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി പ്രതിയെ ചോദ്യം ചെയ്‌ത് വ്യക്തത വരുത്തും.

കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷിക്കും:കുറ്റകൃത്യത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരെഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻഐഎ സൂക്ഷ്‌മമായി അന്വേഷണം നടത്തും. പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻ ബാഗ് കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടക്കും.

കേരള പൊലീസ് നടത്തിയ 12 ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്‌മമായി പരിശോധിച്ച് തന്നെയാണ് എൻഐഎ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസിൽ ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള എൻഐഎ അന്വേഷിക്കുന്നതായിരിക്കും ഫലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ യുഎപിഎ ചുമത്തിയതിന് പിന്നാലെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്.

പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സൂചന. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ യുഎപിഎ ചുമത്തിയത്. അതേസമയം എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.

പരസഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം:കഴിഞ്ഞ ഏപ്രിൽ പതിനെട്ടിനായിരുന്നു എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് എൻഐഎ ഏറ്റെടുത്തത്. അന്വേഷണ ചുമതലയുള്ള കൊച്ചി എൻഐഎ യൂണിറ്റ് പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് ബാഹ്യ സഹായം ലഭിച്ചുവെന്നും ഇതിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് കേരള പൊലീസ് ഈ കേസിൽ യുഎപിഎ ചുമത്തിയത്.

ഇതിന് പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. കേരളത്തെ നടുക്കിയ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ളതും ഡൽഹി, മഹാരാഷ്‌ട്ര, കേരളം എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിൽ ബന്ധങ്ങളുള്ള കേസിൽ കേരള പൊലീസിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി ദേശീയ അന്വേഷണ എജൻസിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതേ തുടർന്ന് തീവ്രവാദ ബന്ധത്തിന്‍റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകിയിരുന്നു. ഡൽഹിയിൽ നിന്നും ഷൊർണൂരിലേക്കും തുടര്‍ന്ന് കോഴിക്കോടുമെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും ബാഹ്യസഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പൊലീസും സംശയിച്ചത്.

എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തി കൂട്ടു പ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യുഎപിഎ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയായിരുന്നു അധികം താമസിയാതെ ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇനി കൊച്ചി എൻഐഎ കോടതിയിലാണ് നടക്കുക.

also read:സൈബർ ആക്രമണത്തില്‍ യുവതിയുടെ ആത്മഹത്യ; പരാതി നൽകിയിട്ട് പൊലീസ് നടപടി വൈകിച്ചെന്ന് ആശിഷ് ദാസ് ഐഎഎസ്

ABOUT THE AUTHOR

...view details