എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്‌ച അവസാനിക്കാനിരിക്കെയാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.
1600 പേജുകളുള്ള കുറ്റപത്രത്തിൽ 166 പേരാണ് സാക്ഷികൾ ആയിട്ടുള്ളത്. എറണാകുളം ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
നിലവിൽ മൂന്ന് പേരും റിമാന്‍ഡിൽ കഴിയുകയാണ്. ഒക്ടോബര്‍ 11നായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മനസാക്ഷിയെ ഞെട്ടിച്ച അരുംകൊല; അപൂർവമായ ക്രൂര കൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികൾ നടത്തിയ നരബലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന ക്രൂരകൃത്യങ്ങളെല്ലാം കുറ്റപത്രത്തിലും ഇടം പിടിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, കൊലപാതകം, മൃതദേഹം വികൃതമാക്കൽ, മോഷണം ഉൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷാ നിയത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്ന് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. തൊണ്ടി മുതലുകളും മറ്റ് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.