എറണാകുളം: ഇലന്തൂർ നരബലി കേസിൽ ശാസ്ത്രീയമായ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. പ്രതികളെ ഇലന്തൂരിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. നരബലിയുമായി അവയവ മാഫിയയ്‌ക്ക് ബന്ധമുണ്ടെന്ന വാർത്തകളിൽ കഴമ്പില്ല. സാമാന്യ ബുദ്ധിയിൽ വിലയിരുത്തിയാൽ തന്നെ അതിന് സാധ്യതയില്ല.
ഇലന്തൂർ നരബലിയുമായി അവയവ മാഫിയയ്‌ക്ക് ബന്ധമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വൃത്തിഹീനമായ സാഹചര്യത്തിൽ അവയവ കൈമാറ്റം സാധ്യമല്ല. അതേസമയം മുഖ്യപ്രതി അവയവങ്ങൾ വിൽപന നടത്താമെന്ന് കൂട്ട് പ്രതികളെ വിശ്വസിപ്പിച്ചിട്ടുണ്ടാകാം. കശാപ്പുകാരൻ ചെയ്‌തത് പോലെയാണ് മൃതദേഹങ്ങൾ വെട്ടിമുറിച്ചതെന്നും ഇത് ഒന്നാം പ്രതി ഷാഫി ചെയ്‌തതാണെന്നാണ് കരുതുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
ഇപ്പോഴുള്ള കൊലപാതകം കൂടാതെ മറ്റു ഇരകൾ ഉണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരവധി ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് ആരുടെയൊക്കെ ആണെന്ന് പരിശോധിച്ചുവരികയാണ്. ഇരകളുടെ ഫോണുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ തന്നെയായിരുന്നു മുഖ്യപ്രതി ഷാഫി ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.
പ്രധാനമായും രണ്ട് കൊലപാതകങ്ങളും തെളിയിക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. മറ്റു കാര്യങ്ങൾ അനുബന്ധമായി അന്വേഷിക്കും. നരബലി കേസുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്.
ഇതിൽ യാഥാർഥ്യവുമായി ബന്ധമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതികളുടെ തെളിവെടുപ്പ് തുടരുമെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി.