എറണാകുളം: ഇലന്തൂരിൽ നരബലിക്കിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി കാത്തിരിക്കുകയാണ് മക്കളും ബന്ധുക്കളും. ഇതിനായി പത്മയുടെ മകൻ സെൽവരാജും ബന്ധുക്കളും ഒരു മാസത്തിലേറെയായി കൊച്ചിയിൽ തുടരുകയാണ്. അമ്മയെ കാണാനില്ലെന്നറിഞ്ഞതിനെ തുടർന്ന് മകൻ സെൽവരാജും സഹോദരനും ഉൾപ്പടെ കൊച്ചിയിലെത്തി. പിന്നീട് പത്മ കൊല്ലപ്പെട്ടുവെന്നറിഞ്ഞതോടെ കുറച്ച് അടുത്ത ബന്ധുക്കൾ കൂടി കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇലന്തൂര്‍ നരബലി; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ തുടര്‍ നിവേദനങ്ങളുമായി കുടുംബം, കൈമലര്‍ത്തി പൊലീസ് മൃതദേഹം ഏറ്റുവാങ്ങി മടങ്ങാമെന്നായിരുന്നു ഇവർ കരുതിയത്. എന്നാല്‍ വെട്ടി മുറിച്ച് കഷണങ്ങളാക്കി മാറ്റിയ മൃതദേഹം പ്രതി ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും കിട്ടിയെങ്കിലും ഡിഎൻഎ പരിശോധനയ്ക്കയച്ചതോടെ മൃതദേഹം വിട്ടുകിട്ടുന്നത് അനിശ്ചിതമായി വൈകുകയാണ്. ഇതോടെ ബന്ധുക്കളിൽ പലരും തിരിച്ചുപോയെങ്കിലും മകൻ സെൽവരാജ് ഉൾപ്പടെയുള്ളവർ കൊച്ചിയിൽ തന്നെ തുടരുകയാണ്.
പത്മയുടെ സഹോദരി പളനിയമ്മ താമസിക്കുന്ന കലൂരിലെ ഒറ്റമുറി വാടക വീട്ടിലാണ് സെൽവരാജ് ഉൾപ്പടെയുള്ളവർ നിലവില്‍ കഴിയുന്നത്. അമ്മ മരിച്ചതിനാൽ ജോലിക്ക് പോകാറില്ലെന്നും അമ്മയുടെ മൃതദേഹം സംസ്കരിച്ചതിന് ശേഷം മാത്രമേ ജോലിക്ക് പോവുകയുള്ളൂവെന്നും പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. ഒരു മാസമായി ജോലിക്ക് പോകാൻ കഴിയാത്തതിനാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണുള്ളതെന്നും മൃതദേഹം എപ്പോള്‍ വിട്ടുനൽകുമെന്ന് പൊലീസ് വ്യക്തമായി പറയുന്നില്ലെന്നും സെൽവരാജ് കൂട്ടിച്ചേര്‍ത്തു.
ഇത് സംബന്ധിച്ച് ഒക്‌ടോബർ പതിനഞ്ചിന് ഇവര്‍ തമിഴിനാട്, കേരള മുഖ്യമന്ത്രിമാർക്ക് പരാതി നൽകിയിരുന്നു. എന്നാൽ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടിയൊന്നും ലഭിച്ചിട്ടില്ലന്നും സെൽവരാജ് പറഞ്ഞു. ഇതോടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും മുഖമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. അമ്മയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയായാൽ മാത്രമേ തങ്ങൾക്ക് ജോലിയുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടുള്ളൂവെന്നതാണ് വിശ്വാസമെന്നും സെൽവരാജ് വിശദീകരിച്ചു.
എറണാകുളം എംഎൽഎ ടി.ജെ വിനോദും, കോൺഗ്രസ് പ്രവർത്തകരുമെത്തി ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രയും പെട്ടന്ന് മൃതദേഹം വിട്ടു നൽകി നാട്ടിലേക്ക് മടങ്ങാൻ സർക്കാർ അവസരമൊരുക്കണമെന്നും സെൽവരാജ് ആവശ്യപ്പെട്ടു. രണ്ടുമാസമായി വീട്ടുവാടക നൽകിയിട്ടില്ലന്ന് പത്മയുടെ സഹോദരി പളനിയമ്മയും പറഞ്ഞു. സഹോദരിയുടെ മൃതശരീരം സംസ്കരിക്കാതെ എങ്ങിനെ ജോലിക്ക് പോകുമെന്നും സർക്കാർ തങ്ങളെ സഹായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.