കേരളം

kerala

By

Published : Oct 26, 2022, 11:25 AM IST

ETV Bharat / state

ഇലന്തൂർ നരബലി കേസ് : പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസ് കോടതിയെ സമീപിക്കും

റോസ്‌ലിൻ വധക്കേസിൽ അന്വേഷണം നടത്തുന്നതിനാണ് പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസ് കോടതിയെ സമീപിക്കുന്നത്

ഇലന്തൂർ നരബലി കേസ്  കാലടി പൊലീസ്  പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസ്  കാലടി പൊലീസ് കോടതിയെ സമീപിക്കും  elanthoor human sacrifice  kalady police  മുഹമ്മദ് ഷാഫി  roslin  കടവന്ത്ര പൊലീസ്  പത്മ വധക്കേസ്
ഇലന്തൂർ നരബലി കേസ്: പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസ് കോടതിയെ സമീപിക്കും

എറണാകുളം : ഇലന്തൂർ നരബലി കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസ് പെരുമ്പാവൂർ കോടതിയെ സമീപിക്കും. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ റോസ്‌ലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് കസ്‌റ്റഡിയിൽ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്‌റ്റഡിയിൽ ലഭിച്ച ശേഷം ഇലന്തൂരിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.

കടവന്ത്ര പൊലീസ് രജിസ്‌റ്റർ ചെയ്‌ത പത്മ വധക്കേസിൽ നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പന്ത്രണ്ട് ദിവസം കസ്‌റ്റഡിയിൽ വിട്ടുനൽകിയിരുന്നു. ഈ കേസിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായി. ഈ സാഹചര്യത്തിലാണ് കാലടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസിൽ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെടുന്നത്.

പത്മ വധക്കേസിൽ മറ്റ് പ്രതികൾ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം റോസ്‌ലിൻ വധക്കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കും. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു സിനിമയിൽ അഭിനയിച്ചാൽ പത്തുലക്ഷം രൂപ പ്രതിഫലം നൽകാമെന്ന് വിശ്വസിപ്പിച്ച് റോസ്‌ലിനെ ഷാഫി ഇലന്തൂരിലെത്തിച്ചത്. കാലടിയിൽ നിന്നും ചങ്ങനാശ്ശേരിയിലെത്തിയ റോസ്‌ലിനെ ഷാഫി സ്വന്തം വാഹനത്തിലായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്.

സിനിമ അഭിനയമെന്ന പേരിൽ കട്ടിലിൽ കെട്ടിയിട്ട് അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. ലൈലയെ കൊണ്ടായിരുന്നു ഈ കൊലപാതകം ഷാഫി നടത്തിച്ചത്. ഇതിനുശേഷം മൃതദേഹം വെട്ടിമുറിച്ച് ഇലന്തൂരിലെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു.

ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് ഷാഫി കൂട്ടുപ്രതികളായ ഭഗവൽ സിങ്ങിനെയും, ലൈലയെയും വിശ്വസിപ്പിച്ചായിരുന്നു കൊലപാതകം. ഈ കൊലപാതകത്തിൽ പിടിക്കപ്പെടാത്ത സാഹചര്യത്തിലാണ് സെപ്‌റ്റംബർ മാസത്തിൽ രണ്ടാമത്തെ നരബലി പ്രതികൾ നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. ഡിഎൻഎ പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും ഇതുണ്ടാവുക.

ABOUT THE AUTHOR

...view details