എറണാകുളം:കേരളം നടുങ്ങിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം നാളെ (ജനുവരി 7) കോടതിയിൽ സമർപ്പിക്കും. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകുക. എറണാകുളം ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.
ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. നിലവിൽ മൂവരും റിമാന്‍ഡിൽ കഴിയുകയാണ്. ഒക്ടോബര്‍ 11നായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കേസ് രജിസ്റ്റർ ചെയ്‌ത് 90 ദിവസം പൂർത്തിയാകാനിരിക്കെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ ക്രൂരകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികൾ നടത്തിയ നരബലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന ക്രൂരകൃത്യങ്ങളെല്ലാം ഇതിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
മൂന്ന് പ്രതികള്‍ക്കും നേരിട്ട് പങ്ക്:മനുഷ്യക്കടത്ത്, കൊലപാതകം, മൃതദേഹം വികൃതമാക്കൽ ഉൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്ന് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. തൊണ്ടിമുതലുകളും മറ്റ് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്‌ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, സ്ത്രീകളെ നരബലിക്കായി കൊണ്ടുപോയ വാഹനം എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളെല്ലാം പരമാവധി ശേഖരിച്ച് പഴുതടച്ചാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
2022 സെപ്റ്റംബര്‍ 26നായിരുന്നു കൊച്ചി നഗരത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പത്മത്തെ കാണാതായെന്ന് ചൂണ്ടിക്കാട്ടി സഹോദരി പളനിയമ്മ കടവന്ത്ര പൊലീസിൽ പരാതി നല്‍കിയത്. പണം വാഗ്‌ദാനം ചെയ്‌ത് ഇലന്തൂരിലെത്തിച്ച പത്മയെ, ഷാഫി ഉൾപ്പടെ മൂന്ന് പ്രതികള്‍ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്മയുടെ മൃതശരീരം 56 കഷണങ്ങളാക്കിയായിരുന്നു ഭഗവൽ സിങ്ങിന്‍റെ വീട്ടുപറമ്പിൽ കുഴിച്ചിട്ടത്. ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കുമായി നരബലി നടത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഈ കേസിൽ ചോദ്യം ചെയ്യവെയാണ് റോസ്‌ലിനെയും നരബലിക്കിരയാക്കിയ വിവരം പ്രതികൾ വെളിപ്പെടുത്തിയത്. ഈ കേസിലും താമസിയാതെ കുറ്റപത്രം സമർപ്പിക്കും. റോസ്‌ലിൻ കൊലക്കേസ് കുറ്റപത്രം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക.