എറണാകുളം : ഇലന്തൂർ നരബലി കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവരുടെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇലന്തൂർ നരബലി കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നരബലി കേസിൽ അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കണം. എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് പരിശോധന നടത്തണമെങ്കിൽ പ്രതികളുടെ സാന്നിധ്യം വേണം. ഷാഫി കൊടും ക്രിമിനലായതിനാല്‍ വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണ് തുടങ്ങിയ 22 കാര്യങ്ങളാണ് പൊലീസ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചത്.
നരബലിക്ക് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോയെന്ന് കണ്ടെത്തണം, ഇരകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ കണ്ടെടുക്കണം, കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കണം, പ്രതികളെ ഒന്നിച്ചിരുത്തി തെളിവുകൾ വിലയിരുത്തണം, ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചതിനെ കുറിച്ച് സൈബർ വിദഗ്‌ധരുടെ സഹായത്തോടെ തെളിവ് ശേഖരിക്കണം തുടങ്ങിയ കാര്യങ്ങളും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
പ്രതിഭാഗം പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്, കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുമുണ്ട്. പ്രധാന തെളിവുകൾ ലഭിച്ചെന്നും പൊലീസ് പറയുന്നു. അന്വേഷണം പൂർത്തിയായെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിടരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കാനും പ്രതികളുടെ മേൽ കുറ്റം കെട്ടിവെയ്ക്കാനുമുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.
ഇത്തരത്തില്‍ കസ്റ്റഡി അപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.