എറണാകുളം :ചീപ്പ് ഷൈനിങ് ആണെന്ന് കരുതരുത്...വാച്ച് കാർട്ടിയർ ആണ്... ഒന്നൊന്നരലക്ഷം രൂപ വില വരും... ഇതിവിടെ ഇരിക്കട്ട്...രാവണ പ്രഭു എന്ന സിനിമയില്‍ ഈ മോഹൻ ലാല്‍ ഡയലോഗിന് തിയേറ്ററില്‍ കയ്യടിക്കാത്ത മലയാളിയുണ്ടാകില്ല. മോഹൻലാല്‍ പറഞ്ഞാല്‍ മാത്രമല്ല എഫിൻ പറഞ്ഞാലും ഇത് ഹിറ്റാണ്... അങ്ങനെയെങ്കില്‍ ആരാണ് എഫിൻ എന്നറിയേണ്ടേ...ലോകത്തെമ്പാടുമുള്ള വാച്ച് വിശേഷങ്ങൾ മലയാളിക്ക് സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റായ എഫിൻ ഇടിവി ഭാരതിനോട് സംസാരിക്കുന്നു...
വാച്ചുകളോടുള്ള എഫിന്‍റെ കമ്പം ചെറുപ്പം മുതൽക്കുതന്നെ ആരംഭിച്ചതാണ്. അത്തരമൊരു അഭിനിവേശത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ വാച്ചുകളെ കുറിച്ചുള്ള വീഡിയോ ചെയ്തു പോസ്റ്റ് ചെയ്യാൻ കാരണമായത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അത്ര സജീവമല്ലാതിരുന്നിട്ടും പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് ലഭിച്ച പ്രതികരണാണ് എഫിനെ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കൊടുക്കാൻ പ്രേരിപ്പിച്ചത്.
അങ്ങനെയാണ് ക്രോണോഗ്രാഫ് ബൈ എഫിൻ എന്ന ചാനൽ തുടങ്ങിയത്. വൻകിട ബിസിനസ് വ്യക്തികളുടെയും സിനിമ -കായിക താരങ്ങളുടെയും വാച്ചുകൾ തിരിച്ചറിഞ്ഞ് പ്രേക്ഷകരോട് വിശേഷങ്ങൾ സംവദിച്ചു തുടങ്ങി. അത് വേഗം ഹിറ്റായി." ഈ വാച്ചിന്റെ വിലയെത്രയാണെന്ന് അറിയാമോ" എന്ന് എഫിൻ പറയുന്ന രീതിയാണ് ആളുകളെ കൂടുതല്‍ ആകർഷിച്ചത്. എഫിന്റെ വാച്ച് വീഡിയോ കണ്ട് കാശിറക്കി വാച്ച് വാങ്ങിയവരും ഏറെ.
നടൻ സൗബിൻ ഷാഹിർ 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ധരിച്ചിരുന്ന ഗസ്സ് എന്ന വിഖ്യാത വാച്ച് മേക്കേഴ്സിന്റെ ഒരു മോഡല്‍ വാച്ച് വാങ്ങിയ ആരാധകനെ കുറിച്ചും എഫിൻ പറയുന്നുണ്ട്. ഗസ്സ് എന്ന ബ്രാന്റിന്റെ വാച്ചുകളുടെ സവിശേഷതയും അദ്ദേഹം പറഞ്ഞു തരാൻ മടിച്ചില്ല. രാവണപ്രഭുവിലെ ലാലേട്ടന്റെ വിഖ്യാതമായ വാച്ച് കാർട്ടിയറിന്റെ ഒരു ഓട്ടോമാറ്റിക് വാച്ച് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലാലേട്ടൻ പറയുന്നതുപോലെ കാർട്ടിയർ വാച്ചിന്‍റെ മോഡലിന് അന്ന് ഒന്നരലക്ഷം രൂപ വിലയുണ്ടെങ്കിൽ ഇന്നതിന് പത്തു മുതൽ 15 ലക്ഷം രൂപയാണ് വില.