എറണാകുളം:മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ അനധികൃത സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി 62 ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ടി ഒ സൂരജിനെതിരെ വിജിലൻസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇഡി കള്ളപ്പണം തടയൽ നിരോധന നിയമ പ്രകാരം സൂരജിനെതിരെ കേസെടുത്തത്. ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും പേരിലുളള സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടിലെ പണം എന്നിവയുള്‍പ്പടെ ഒരു കോടി 62 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി ഇപ്പോൾ കണ്ടുകെട്ടിയത്.
ടി ഒ സൂരജിന്‍റെ അനധികൃത സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി 8.81 കോടി രൂപയുടെ അനധികൃത സ്വത്ത് നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. ഇടപ്പള്ളി, ഇടക്കൊച്ചി, വാഴക്കാല, എളംകുളം, ആലുവ, പീരുമേട് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും ഫ്ലാറ്റുകളും സഹിതം 13 സ്ഥാവര സ്വത്തുകളായിരുന്നു അന്ന് കണ്ടുകെട്ടിയത്. ഇതോടെ ടി ഒ സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ട് കെട്ടിക്കഴിഞ്ഞു.
അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ സൂരജ് വാഹനങ്ങളും വസ്‌തുക്കളും ഭൂമിയും വാങ്ങിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതേസമയം, സൂരജിനെതിരായ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി അറിയിച്ചു.1980-ൽ ഫോറസ്റ്റ് റേഞ്ചറായാണ് സൂരജ് സർക്കാർ സർവീസിൽ പ്രവേശിച്ചത്.
1994 മുതൽ ഐഎഎസ് ലഭിക്കുകയും ചെയ്‌തു. കേരള സർക്കാരിൽ നിരവധി വകുപ്പുകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പാലാരിവട്ടം മേല്‍പാലം നിർമാണത്തിലെ ക്രമക്കേട് നടന്നത് ടി.ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന വേളയിലാണ്. പാലാരിവട്ടം പാലം അഴിമതിക്കേസിലും ടി.ഒ സൂരജ് പ്രതിയാണ്.