ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി കമ്മിഷന്‍ തട്ടിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14ന് കൊച്ചിയില്‍ ശിവശങ്കര്‍ അറസ്‌റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഫെബ്രുവരി 20 വരെ കോടതി ശിവശങ്കറെ ഇഡിയുടെ കസ്‌റ്റഡിയില്‍ വിട്ടു.
2020ല്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസില്‍ ശിവശങ്കറെ നേരത്തെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് യുണിടാക് ബില്‍ഡേഴ്‌സ്& ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റ്ഡ്&സൈയിന്‍ വെന്‍ചേഴ്‌സിന് എതിരായി വിജിലന്‍സ്, ആന്‍റി കറപ്‌ഷന്‍ ബ്യൂറോ, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിന്‍റെ അന്വേഷണം ആരംഭിക്കുന്നത്.
അഴിമതി ഇങ്ങനെയെന്ന് ഇഡി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായി പ്രതിഫലം തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. യുഎഇ ആസ്ഥാനമായുള്ള ചാരിറ്റബിള്‍ സംഘടനയായ റെഡ് ക്രെസന്‍റ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ സന്ദര്‍ശിച്ച് കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ദശലക്ഷം ദിര്‍ഹം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നതായി ഇഡി പറഞ്ഞു. റെഡ് ക്രസന്‍റ് വാഗ്‌ദാനം ചെയ്‌ത ഫണ്ടിന്‍റെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ കോണ്‍സുലേറ്റിന്‍റെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ സമീപിച്ചിരുന്നു.
വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് പ്രളയബാധിതരായ ജനങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമായി. തുടര്‍ന്ന് മുഖ്യമന്തി പിണറായി വിജയന്‍, ശിവശങ്കര്‍, യുഎഇ കോണ്‍സുലേറ്റ് ജനറല്‍, മറ്റ് വിഭാഗങ്ങളിലെ സെക്രട്ടറികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലൈഫ് മിഷന്‍ സംഘത്തിലെ അംഗങ്ങളും റെഡ് ക്രെസന്‍റിന്‍റെ പ്രതിനിധികളും ചേര്‍ന്ന് 11.07.2019ല്‍ ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഭവന നിര്‍മാണ പദ്ധതിയ്‌ക്കായി സന്തോഷ് ഈപ്പന്‍റെ നേതൃത്വത്തിലുള്ള യുണിടാക് ബിള്‍ഡേഴ്‌സിന് ചാരിറ്റി നല്‍കിയ തുകയില്‍ നിന്നും സന്ദീപ്, സരിത്, കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ്, ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ടില്‍ നിന്നും കൈക്കൂലിയായി കമ്മിഷന്‍ തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
സ്വപ്‌ന-ശിവശങ്കര്‍ വാട്‌സ്‌ആപ്പ് ചാറ്റ്: സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പരിശോധിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളായ നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായി ശിവശങ്കറിനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട്ഇഡി, കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നു. 'ഒന്നിലും പെടരുത്, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവര്‍ നിന്നെ കുറ്റപ്പെടുത്തുമെന്ന്' സ്വപ്‌നയുമായുള്ള വാട്‌സ്‌ആപ്പ് സംഭാഷണത്തില്‍ ശിവശങ്കര്‍ പറയുന്നു. ശിവശങ്കര്‍ 'അവര്‍' എന്ന് സംബോധന ചെയ്‌തത് ആരെയാണെന്ന് വ്യക്തമായിട്ടില്ല.